ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ത്യന്‍ സ്റ്റാളുകളില്‍ പുസ്തക പ്രേമികളുടെ കുത്തൊഴുക്ക്‌

0
322

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭ്യം. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെട്ടത്. ഡിസി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. മേള മൂന്നാം ദിനത്തിലെത്തിയപ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമായിക്കഴിഞ്ഞിരുന്നു. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും വിശേഷിച്ചും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്‍പന നടന്നു.

ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം സ്റ്റാളുകളിലുണ്ട്. എഴുത്തുകാരില്‍ വിനോയ് തോമസിന്റെ രചനകള്‍, എം.മുകുന്ദന്റെ ‘നിങ്ങള്‍’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ ‘സമ്പര്‍ക്ക കാന്തി’ എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. എസ്.ഹരീഷിന്റെ ‘മീശ’, ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവ വന്‍ ഹിറ്റ് ഗ്രന്ഥങ്ങളിലുള്‍പ്പെടുന്നു. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.