ദുബായ്: ജയിലിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി പുറപ്പെടുവിച്ചു. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. സാമ്പത്തിക ഇടപാടിൽ സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെയാണ് വിട്ടയക്കുക.
ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം. കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ ആൾ തെളിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ പറ്റൂ. ചെറിയ കടങ്ങൾ വാങ്ങി തടവിലായ ഒട്ടേറെ പേർക്ക് ഇത് ഗുണകരമാകും. നേരത്തെ സിവിൽ കേസിലെ കടക്കാരൻ കാശ് കൊടുക്കാതിരുന്നാൽ പരമാവധി 36 മാസം ജയിൽ ശിക്ഷ നൽകിയിരുന്നു.