റിയാദ്: സഊദിയിൽനിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57% കുറഞ്ഞു. സെപ്റ്റംബറിൽ 991 കോടി റിയാലാണ് പ്രവാസികൾ വിദേശത്തേക്ക് അയച്ചത്. 2022 സെപ്റ്റംബറിൽ ഇത് 1133 കോടി റിയാൽ ആയിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ മാത്രം പണമൊഴുക്ക് 10% ഇടിഞ്ഞു. ഇക്കുറി ജനുവരി – സെപ്റ്റംബർ കാലയളവിൽ 9322 കോടി റിയാൽ വിദേശത്തേക്ക് അയച്ചിരുന്നു. 2022ൽ ഇതേ കാലയളവിൽ ഇതു 11,142 കോടി റിയാൽ ആയിരുന്നു.
മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലാ രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8% കുറഞ്ഞതായി ലോക ബാങ്കിന്റെ കണക്കുകളും സ്ഥിരീകരിച്ചു. വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തിപ്പെട്ടതോടെ ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിനു വിദേശികൾക്ക് ജോലിനഷ്ടപ്പെട്ടതും രാജ്യംവിട്ടതുമാണ് പണമൊഴുക്ക് കുറയാൻ കാരണമെന്നാണ് സൂചന.