ദുബൈ: യുഎഇയെക്കുറിച്ചോ ഇവിടുത്തെ നിയമങ്ങളോ നിബന്ധനകളോ അറിയാതെ സന്ദർശക വിസയിൽ തൊഴിൽ തേടിയെയെത്തുന്നവർ ശ്രദ്ധ പാലിച്ചില്ലെങ്കിൽ അഴിയെണ്ണേണ്ടി വരും. ഡ്രൈവിങ് ലൈസൻസില്ലാതെയും മദ്യപിച്ചും വാഹനമോടിക്കുക, പൊതു സ്ഥലങ്ങളിൽ അനുവാദമില്ലാതെ ഫൊട്ടോയെടുക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരത്തുക, സ്വദേശികളുടെ വസ്ത്രധാരണ രീതി ദുരുപയോഗം ചെയ്യുക, സിഐഡി ചമഞ്ഞ് തട്ടിപ്പ്, ലഹരിയുപയോഗം, എടിഎം മെഷീനിൽ പണമയക്കാന്‍ സഹായം, കള്ള ടാക്സിയിൽ യാത്ര, വാഹനം കൈമാറൽ, കമ്പനി രേഖകൾ ഷെയർ ചെയ്യൽ തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന മലയാളികളടക്കം ഇന്ത്യക്കാർ ഒരുപാടുപേരുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗൗരവപരമായ കുറ്റകൃത്യങ്ങളെന്ന് അറിഞ്ഞോ അറിയാതെയോയാണ് പലരും ഇതിൽ ഉൾപ്പെടുന്നത്. ഇതേ തുടർന്ന് പ്രശ്നങ്ങൾ നേരിടുന്നവർ ഒരിക്കലും മറ്റുള്ളവരുടെ വാക്ക് കേട്ട് മുന്നോട്ടു പോകാതെ നിയമോപദേശകരെ സമീപിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഊരിപ്പോകാനാകാത്തവിധം പ്രശ്നങ്ങൾ സങ്കീർണമായി ജീവിതം ദുരിതമയമാകുമെന്നും യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് പറയുന്നു.
ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുക
യുഎഇ നിയമ പ്രകാരം ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ പാടുള്ളതല്ല. വളരെയേറെ ഇന്ത്യക്കാർ നിയമം ലംഘിച്ച് വാഹനം ഓടിച്ചു നിയമക്കുരുക്കിൽ പെടുന്നുണ്ട്. യുവതലമുറയാണ് ഇപ്രകാരം കൂടുതലും നിയപ്രശ്നത്തിൽപ്പെടുന്നത്. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വാഹനം എടുത്ത് പുറത്തു പോകുകയും പിന്നീട് പൊലീസ് പിടിയിലാവുകയോ, അപകടമോ, അപകടമരണമോ സംഭവിക്കുകയും ചെയുമ്പോൾ മാത്രമാണ് പലരും ഉണരുന്നത്. ഇങ്ങനെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് ജയില്‍ ശിക്ഷയും പിഴയും സംഭവത്തിന്റെ ഗൗരവം അനുസരിച്ചു ഡിപോർട്ടേഷനും(സ്വന്തം നാട്ടിലേയ്ക്ക് കയറ്റിയയക്കൽ) വരെ ശിക്ഷ ലഭിക്കാറുണ്ട്.
മദ്യപിച്ചു വാഹനം ഓടിക്കുക
മദ്യപിച്ചു വാഹനം ഓടിക്കുന്നത് യുഎഇ നിയമ പ്രകാരം കഠിന ശിക്ഷാർഹം ആണ്. ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നത് മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ പേരിലാണ്. പൊലീസ് പരിശോധനയിലോ, വാഹനാപകടത്തെ തുടർന്നോ ആണ് ഇത്തരക്കാർ പിടിയിലാകുന്നത്. അടുത്തിടെ ഇത്തരത്തിൽ പൊലീസ് പിടിയിലായ ഒരാൾ പറഞ്ഞത്, ബിയർ മാത്രമേ കുടിച്ചിട്ടുണ്ടായിരുന്നുള്ളൂ എന്നാണ്. പക്ഷേ, ബിയറിലും ആൾക്കഹോൾ ഉള്ളത് കൊണ്ട് അതിന് ഒരു ഒഴുകിഴിവ് ലഭിക്കുകയില്ല. ഇത്തരം കുറ്റങ്ങൾക്ക് തടവും പിഴയും ഡിപോർട്ടേഷനുമാണ് ശിക്ഷ.
ചിലർ ഇത്തരം കേസുകളെ നിസാരമായി കാണുകയും സ്വയമോ സുഹൃത്തുക്കളുടെ ഉപദേശപ്രകാരമോ കൈകാര്യം ചെയ്ത് കൂടുതൽ പ്രതിസന്ധിയിൽപ്പെടുന്നു. ഡിപോർട്ടേഷൻ വിധിയുണ്ടാകുമ്പോഴാണ് പലർക്കും ബോധോധയമുണ്ടായി തന്നെ സമീപിക്കുന്നതെന്ന് അഡ്വ.പ്രീത പറയുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവർ ഒന്നു മനസിലാക്കുക– നിങ്ങൾ കാരണം മറ്റുവരുടെ ജീവനാണ് ഹാനിയുണ്ടാകുന്നത്. കൂടാതെ, ഗുരുതര പരുക്കേൽക്കുന്ന പലരും ജീവിതകാലം മുഴുവനും കിടപ്പിലാകുന്ന അവസ്ഥയുമുണ്ട്.
അനുവാദമില്ലാതെ ഫൊട്ടോയെടുക്കൽ
മാളുകളിലോ, ബീച്ചുകളിലോ, സമാനമായ തിരക്കുള്ള മറ്റു സ്ഥലങ്ങളിലോ വിഡിയോ, ഫൊട്ടോ എന്നിവ അനുവാദം ഇല്ലാതെ എടുക്കുകയോ, അത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയുന്നത് കടുത്ത നിയമ പ്രശ്നത്തിലേയ്ക്കു നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും. അത് സ്ത്രീകളുടേതാകുമ്പോൾ നിയമക്കുരുക്കു മുറുകും. അടുത്തിടെയായി നാട്ടിൽ പോകുന്നതിനായുള്ള സാധനങ്ങൾ വാങ്ങാൻ ഷോപ്പിങ് മാളിൽ പോയ യുവാവ് സാധനം തിരഞ്ഞെടുക്കുന്നതിനായി ഫൊട്ടോയും വിഡിയോയും എടുക്കുകയും യുവാവിന് നിയമപ്രശ്നം നേരിടേണ്ടി വരികയും ചെയ്തു. വളരെ നിസാരമായി നമുക്ക് തോന്നുന്ന കാര്യമാണെങ്കിലും യുവാവ് നേരിട്ട നിയമ പ്രശ്നം വളരെ വലുതായിരുന്നു.
ഫൊട്ടോയെടുത്തപ്പോൾ ദൃശ്യത്തിൽ അവിടെ ഷോപ്പിങ് നടത്തുകയായിരുന്ന ഒരു യുവതിയുടെ ദൃശ്യം പെടുകയും യുവതി പരാതിപ്പെട്ടതിനാൽ സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ ഫൊട്ടോയിലും വിഡിയോയിലും യുവതിയുടെ മുഖം കാണുകയും അയാൾക്ക് എതിരെ കർശനമായ നിയമനടപടി ഉണ്ടാവുകയും ചെയ്തു.
അതുകൊണ്ട് ഇങ്ങനെയുള്ള മാളുകൾ, ബീച്ച്, തിരക്കുള്ള സ്ഥലം എന്നീ പൊതുയിടങ്ങളിൽ സാധാരണക്കാർ ആയ ആളുകൾ ഫൊട്ടോ, വിഡിയോ എന്നിവ എടുക്കുമ്പോൾ മൂന്നാമതൊരാളുടെ(third party) ദൃശ്യം പെടാതെ, സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ ഡിപോർട്ടേഷൻ വരെയുള്ള നിയമനടപടികൾ ഉണ്ടായേക്കാം. ആ യുവാവിന് നിസാരമായി തോന്നിയ ഇത്തരം സമാനമായ കേസ് ഉണ്ടായാൽ നിരപരാധിത്വം തെളിയിക്കുക വളരെ പ്രയാസകരമായിരിക്കുമെന്ന് ഒരു നിയമോപദേശക എന്ന നിലയിൽ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിയേയോ, കമ്പനിയെയോ, ഏതെങ്കിലും മതത്തെ പറ്റിയോ എന്തെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയോ, ടാഗ്, ചെയുകയോ, ഫോർവേർഡ് ചെയ്യുകയോ യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമാണ്. ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിൽ കൂടി ഇത്തരത്തിലുള്ള വാർത്തകളോ, ഭീഷണിയോ മറ്റോ സ്ഥാപനത്തെ പറ്റിയോ, വ്യക്തികളേക്കുറിച്ചോ, മതത്തെപ്പറ്റിയോ ഒരിക്കലും ഫോർവേർഡ് ചെയ്യാനോ ടാഗ് ചെയ്യാനോ പാടുള്ളതല്ല.
പൊതുവായി ആൾക്കാർക്ക് സംഭവിക്കുന്നത് അവരുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമത്തിൽ കൂടി എഴുതുക, അത് പോസ്റ്റ് ചെയ്തു വേറെ ഗ്രൂപ്പിലേയ്ക്കും ഷെയർ ചെയുക എന്നതാണ്. പക്ഷേ അങ്ങനെ ചെയ്യുന്നവർ ഒന്നോർക്കുക, ആ സ്ഥാപനത്തിനോ, വ്യക്തിക്കോ ഉള്ള മനനഷ്ടത്തിന് നിങ്ങൾക്ക് എതിരെ കേസ് വരികയും അതിനു ഭീമമായ തുക പിഴയൊടുടുക്കേണ്ടി വരികയും ചെയ്യും. ജയിലിൽ വരെ എത്താനുള്ള കേസാണിത്.
നിയമപ്രകാരം സോഷ്യൽ മീഡിയയിൽ കൂടി ഒരു രീതിയിലും അനാവശ്യമായ നെഗറ്റീവ് കമന്‍റ്സ് ഒരു വ്യക്തിയേയോ, സ്ഥാപനത്തെയോ, സ്ഥലത്തെയോ, മതത്തെയോ കുറിച്ച് പാടുള്ളതല്ല. ഇതേ രീതിയിൽ പല അനാവശ്യ കമന്‍റ്സും ഫോർവേർഡ് ചെയ്തതിനും ബീച്ചു പോലുള്ള പൊതു സ്ഥലത്തുള്ള സ്ത്രീകളുടെ ഫൊട്ടോസ് അപ് ലേഡ് ചെയ്തും ടാഗ് ചെയ്തും നിരവധി ചെറുപ്പക്കാർ ഇന്ന് അതിഭീമമായ തുക പിഴ ഒടുക്കേണ്ടിവരുന്ന അവസ്ഥയാണ്.
സ്വദേശികളുടെ വസ്ത്രധാരണ രീതി ദുരുപയോഗപ്പെടുത്തൽ
പുതിയ തലമുറ ദുരുപയോഗം ചെയ്തുവരുന്ന, എന്‍റെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നിയമലംഘനം സ്വദേശികളുടേയും അറബികളുടേയും പരമ്പരാഗത വസ്ത്രധാരണരീതിയുടെ ദുരുപയോഗമാണ്. ഇവിടെ സ്വദേശികള്‍ ധരിക്കുന്ന വസ്ത്രം ഒരു വിഭാഗം പ്രവാസികൾ ധരിച്ച് പല രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. യുഎഇ– അറബ് സംസ്കാരത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യുന്നതും കടുത്ത നിയമലംഘനമാകുന്നു.
സിഐഡി ചമഞ്ഞ് തട്ടിപ്പ്; ഗുരുതര കുറ്റകൃത്യം
അതു പോലെ ഒരു വിഭാഗം ചെറുപ്പക്കാർ സുഹൃത്തുക്കളുമായി ചേർന്ന് അറബ് വസ്ത്രം ധരിച്ചു ഇവിടുത്തെ പൊലീസ്, സിഐഡിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കേസുകളിൽപ്പെട്ട കുറേ പേർ നിയമോപദേശം തേടി എന്നെ സമീപിച്ചിട്ടുമുണ്ട്. യുഎഇയിൽ ജീവിക്കുമ്പോൾ ഇവിടുത്തെ സംസ്കാരവും വസ്ത്രധാരണ രീതിയും പാലിച്ച് നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എങ്കിൽ പ്രവാസികളായ നമുക്ക് നിയമ നടപടിയോ, പിഴകളോ, മറ്റു ബുദ്ധിമുട്ടുകളോ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല.
ലഹരിയുപയോഗം; യുഎഇയിൽ കടുത്ത ശിക്ഷ
ലഹരിമരുന്ന് ഉപയോഗത്തിന് യുഎഇ സർക്കാർ നൽകി വരുന്നത് കടുത്ത ശിക്ഷയാണ്. ഇങ്ങനെയുള്ള കേസുകൾ പതിവായി വരുന്നു. സുഹൃത്തുക്കളുമായി ചേർന്ന് പരസ്പരം സിഗരറ്റും മറ്റും മാറി ഉപയോഗിക്കുമ്പോൾ അതിൽ എന്തെങ്കിലും തരത്തിൽ ഉള്ള ലഹരിമരുന്ന് കലർത്തിയിട്ടുണ്ടോ എന്ന് ഒരിക്കലും പരസ്പരം അറിയില്ല. അങ്ങനെ ഒരു തവണ ഉണ്ടായാൽ പോലും പിടിക്കപ്പെട്ട് രക്തപരിശോധന നടത്തിയാൽ അതിന്റെ ഒരംശം ഏകദേശം ഒരുമാസം വരെ രക്തത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇത് വലിയ ക്രിമിനല്‍ കേസാകാനും ജയിൽ ശിക്ഷ ലഭിക്കാനും ഇടയാക്കും. ഇങ്ങനെ ഉപയോഗിക്കാനും വില്പന നടത്താനും ചെറുപ്പക്കാർക്ക് പ്രേരണ നല്‍കുന്നവരുമുണ്ട്.
ലഹരിമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെടുന്നവർക്ക് 25 വർഷം മുതൽ 30 വർഷം വരെ കഠിന തടവും ഭിമമായ തുക പിഴയും ഡിപോർട്ടേഷനുമാണ് ശിക്ഷ.ലഹരിമരുന്ന് വിൽപനയും ഉപയോഗവും യുഎഇ ഒരു കാരണവശാലും അനുവദിക്കുകയില്ല്. ഇത്തരം കുറ്റങ്ങൾക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ല. പുറത്ത് നിന്ന് ലഹരിമരുന്ന് ഉപയോഗിച്ച് വന്ന് ഇവിടെ പരിശോധനയ്ക്ക് വിധേയമാകുമ്പോൾ ലഹരിയുടെ അംശം കാണുകയാണെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവരും.
എടിഎം മെഷീനിൽ പണമയക്കാൻ സഹായം; ജാഗ്രത
എടിഎം മെഷീനിന് മുന്നിൽ നിൽക്കുമ്പോൾ അപരിചിതർ ആരെങ്കിലും സമീപിച്ച് അവരുടെ കൂടി പണം അടച്ചു തരുമോ എന്ന് ചോദിക്കാറുണ്ട്. ഒരു സഹായമല്ലേ എന്ന് കരുതി നമ്മളത് ചെയ്തുകൊടുകകും. പക്ഷേ നമ്മുടെ എമിറേറ്റ്സ് ഐഡി വച്ച് നമ്മൾ അറിയാത്ത ഒരാൾക്ക് പണം അയച്ചു കൊടുക്കുമ്പോൾ ആ ആൾ കുറ്റകൃത്യ പശ്ചാത്തലം ഉള്ളവർ ആണോ എന്നും വല്ല ലഹരിമരുന്ന് സംഘാംഗമാണോ എന്നും അറിയില്ല. അവർ പിന്നീടെപ്പോഴെങ്കിലും പിടിയിലാൽപ്പോലും നമ്മൾ കൂടി അറിയാതെ അതിൽ ഒരു കണ്ണിയാകും.
അങ്ങനെ സമീപിക്കുന്നവരോട് മുഖം നോക്കാതെ നോ പറയാൻ തയ്യാറാകണം. അല്ലാത്തപക്ഷം അറിയാതെ ചെയ്ത തെറ്റിന് ജയിലിലാകും. ഇങ്ങനെയുള്ള കേസുകൾ നിരന്തരം സംഭവിക്കുകയും അത് എന്നിലേയ്ക്കെത്തുകയും ചെയ്യുന്നുണ്ട്. 25 വർഷം വരെ ജയിൽ ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണിത്. യുഎഇയിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാകാത്ത വിധം ഡിപോർട്ടേഷനും നേരിടണം
സന്ദർശക വിസയിലെത്തി താമസ മുറി പങ്കിടുമ്പോൾ ശ്രദ്ധിക്കുക
നാട്ടിൽ നിന്ന് സന്ദർശക വീസയിൽ യുഎഇയിലെത്തി ഇവിടെനിന്ന് പരിചയപ്പെടുന്നവരുടെ കൂടെ താമസ മുറി പങ്കിട്ട് കുടുക്കിലായവരും ഒട്ടേറെ. ഒരു ദിവസം മുറി പൊലീസ് റെയ്ഡ് നടത്തുമ്പോഴാണ് താൻ താമസിച്ചിരുന്നത് ക്രിമിനലുകളുടെ കൂടെയാണെന്ന് മനസിലാകുന്നത്. അങ്ങനെ അറിയാതെ ആ മാഫിയയുടെ കണ്ണിയാവുകയും ഒരു തെറ്റും ചെയ്യാതെ സി ഐഡികളുടെ പിടിയിലായി നിയമക്കുരുക്കിൽപ്പെട്ട ഒത്തിരി പേരും യുഎഇ ജയിലിലുണ്ട്. അവർ അവരുടെ നിരപരാധിത്വം തെളിയിച്ചാൽ മാത്രമേ ഇതിൽ നിന്ന് രക്ഷ നേടാൻ സാധിക്കുകയുള്ളൂ.
സൂക്ഷിക്കുക! കള്ള ടാക്സിയിൽ യാത്ര ചെയ്യരുത്
വേറെ ചിലർക്ക് പറ്റുന്ന അബദ്ധം യുഎഇയിലെ കള്ളടാക്സി(അനധികൃത ടാക്സി)കളിലും പ്രൈവറ്റ് ടാക്സികളിലും യാത്ര ചെയ്ത് പിടിയിലാകുന്നതാണ്. ആരുടെ കൂടെയെങ്കിലും യാത്ര ചെയ്യുമ്പോഴാണ് മിക്കപ്പോഴും ആളുകൾ കുടുങ്ങുന്നത്. അപരിചിതരായ ആളുകൾ ഒന്നിച്ച് ടാക്സിയിൽ യാത്ര ചെയുന്നത് യുഎഇ നിയമ പ്രകാരം കുറ്റകരമാണ്. പിടിച്ചാൽ വാഹന ഉടമയ്ക്ക് കടുത്ത ശിക്ഷയും പിഴയും ലഭിക്കും. ഇത്തരം കള്ള ടാക്സികളിൽ ഷെയർ ചെയ്തു യാത്ര ചെയ്യുന്നവർ ഏത് തരക്കാർ ആണ് എന്ന് ഒരറിവും ഇല്ലാത്തതാണ് പ്രശ്നങ്ങളാകുന്നത്.
പിടിക്കപ്പെട്ടാൽ വാഹനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ആ കുറ്റത്തിൽ പങ്കാളികളാകുകയും ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. കുറഞ്ഞ സാമ്പത്തിക ലാഭത്തിനു വേണ്ടി നിങ്ങൾ ഇങ്ങനെ ചെയുമ്പോൾ ജോലിയും സ്ഥിരവരുമാനവുമെല്ലാമാണ് നഷ്ടപ്പെടുത്തുന്നത് എന്നോർക്കുക. കൂടാതെ, ജയിലിലാവുകയും ഡിപോർട്ടേഷൻ നേരിടേണ്ടി വരികയും ചെയ്യുന്നു. അങ്ങനെ നാട്ടിൽ പോയ പലരും പ്രശ്നപരിഹാരത്തിനായി എന്നെ ബന്ധപ്പെടാറുണ്ട്. അതുകൊണ്ട് ഇവിടെയുള്ളപ്പോൾ തന്നെ നിങ്ങളുടെ അവസ്ഥ നിയമപരമായി ശരിയാക്കേണ്ടതാണ്. അല്ലാതെ ഐ സ്കാൻ എടുത്തു നാട്ടിൽ പോയാൽ കാര്യങ്ങൾ ഭയങ്കര ബുദ്ധിമുട്ടികും.
തട്ടിപ്പുകൾ പലതരം
വേറെ ചിലർ, പ്രധാനമായും യുവാക്കൾ അഴിക്കുള്ളിലാകുന്നത് തട്ടിപ്പുകൾ പിടിക്കപ്പെടുമ്പോഴാണ്. മോഷണം, തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് ഡിപോർട്ടേഷനും പിഴയുമാണ് ശിക്ഷ. ഒരു ദിർഹം കട്ടെടുത്താലും 10 ലക്ഷം അടിച്ചുമാറ്റിയാലും യുഎഇ നിയമ പ്രകാരം ഒരു പോലെയാണ്. കമ്പനികളിൽ ജോലി ചെയുമ്പോൾ അവിടുത്തെ കണക്കുകളും മറ്റും തിരുത്തി കളവു കാണിക്കുക, കമ്പനി സൈറ്റിൽ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ചു വിറ്റു പൈസയുണ്ടാക്കുക തുടങ്ങിയ കേസുകളും ഏറെ. അങ്ങനെ നഷ്ടം സംഭവിച്ച സ്ഥാപനം കേസ് ഫയൽ ചെയ്താൽ പിന്നെ യുഎഇയിൽ തുടരാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
വാഹനം കൈമാറി കുടുക്കിൽ
സാധാരണയായി അധികമാളുകളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു സ്വന്തം വാഹനം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നത്. സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവർക്ക് ഒരു ആലോചനയുമില്ലാതെയാണ് കൈമാറുക. എന്നാൽ അവർ എന്ത് ചെയുന്നു എന്ന് ചിന്തിക്കുന്നില്ല. അടുത്തിടെ ഇത്തരമൊരു കേസ് ഞാൻ കൈകാര്യം ചെയ്യാനിടയായി. കേസില്‍പ്പെട്ടയാൾ തന്‍റെ കല്യാണം തീരുമാനിച്ച പ്രകാരം നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത് എയർപോർട്ടിൽ എത്തിയപ്പോഴാണ് അയാളുടെ പേരിൽ കേസ് ഉണ്ടെന്ന് അറിഞ്ഞത്. എന്നാൽ കേസ് അയാളുടെ വാഹനത്തിന്‍റെ പേരിലായിരുന്നു. എയർപോർട്ടിൽ നിന്ന് നേരെ അയാളെ ജയിലിലേയ്ക്ക് കൊണ്ട് പോയി. വിശദമായി അന്വേഷണം നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത്, അയാളുടെ സുഹൃത്ത് ആ വണ്ടി പല സ്ഥലത്തും കളവ് നടത്താൻ ഉപയോഗിച്ചിരുന്നു എന്ന്!. വളരെ അടുപ്പം കാണിച്ച ആ സുഹൃത്ത് പിന്നീട് ഒരു ബന്ധവുമില്ലാതെ മുങ്ങിക്കളഞ്ഞു. പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കളവുകൾ നടന്നു എന്ന് പറയുന്ന സ്ഥലത്തുനിന്നെല്ലാം തെളിവ് ശേഖരിച്ചപ്പോൾ ഈ വാഹനം പ്രധാന കഥാപാത്രമായിരുന്നു. അങ്ങനെ വാഹനയുടമയുടെ പേരിൽ കേസ് വന്നു. വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഇത്. ഇങ്ങനെ സ്വന്തം വണ്ടി മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക, സ്വയം ആപത്തിൽ പെടാതിരിക്കുക.
കമ്പനി രേഖകൾ ഷെയർ ചെയ്യുന്നതും പ്രശ്നം
ഒരു കമ്പനിയിൽ നമ്മൾ ജോലി ചെയുമ്പോൾ അവിടുത്തെ പ്രധാനപ്പെട്ട രേഖകൾ ഒരു കാരണവശാലും മറ്റൊരു കമ്പനിയുമായി പങ്കുവയ്ക്കാനോ മറ്റോ പാടുള്ളതല്ല. അങ്ങനെ വാട്സാപ്പ്, ഇ–മെയിൽ വഴി ചോർത്തിക്കൊടുക്കുന്നത് യുഎഇ നിയമ പ്രകാരം വലിയ കുറ്റമാണ്.
യുഎഇ, പ്രവാസികളെ ചേർത്ത് നിർത്തുന്നു
യുഎഇ പ്രവാസികളെ സ്വന്തമായി കാണുകയും അതു കൊണ്ട് നമ്മളും ഈ രാജ്യത്തെ സ്വന്തം നാടുപോലെ കരുതി ജീവിക്കുകയും ചെയ്യുന്നു. ഇവിടുത്തെ നിയമത്തെ പറ്റിയോ, ഇസ്ലാം സംസ്കാരത്തെക്കുറിച്ചോ ഒരു രീതിയിലുമുള്ള വിമർശനവും അഭിപ്രായപ്രകടനവും പാടുള്ളതല്ലെന്ന് ആദ്യം മനസിലാക്കുക. ഇത്തരം കുറ്റങ്ങൾ ശിക്ഷർഹമാണ്. യുഎഇ ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടെ നമ്മൾ, പ്രവാസികൾ സ്വന്തം രാജ്യത്തു കിട്ടുന്ന തരം സുരക്ഷയിലാണ് ജീവിക്കുന്നത്. അത് കൊണ്ട് യുഎഇയെക്കുറിച്ച് ഒരുതരത്തിലുള്ള നെഗറ്റീവ് പോസ്റ്റുകളും ഷെയർ ചെയ്യുകയോ ഈ രാജ്യത്തെക്കുറിച്ചോ, ഭരണാധികാരികളേക്കുറിച്ചോ, സർക്കാരിനെക്കുറിച്ചോ, പൊലീസ് അധികാരികളെ കുറിച്ചോ മോശം അഭിപ്രായം പങ്കുവയ്ക്കാനും പാടുള്ളതല്ല. ഈ രാജ്യത്തെ സർക്കാരും പൊലീസും എപ്പോഴും വളരെ സഹായമനസ്കതയുള്ളവരാണ്. എല്ലാ പ്രവാസികളെയും തുല്യരായി കാണുമ്പോഴും ഇന്ത്യക്കാരോട് പ്രത്യേക പരിഗണന കാണിക്കുന്നുണ്ട് എന്നും മറക്കരുത്.
വിവരങ്ങൾക്ക്: +971 52 731 8377 (അഡ്വ.പ്രീതാ ശ്രീറാം മാധവ്).
പ്രവാസികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രസിദ്ധീകരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക