തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയാണ് കീഴടങ്ങിയത്. താനാണു ബോംബ് വച്ചതെന്നാണു യുവാവിന്റെ വാദം. ഒരുമണിയോടെയാണു ഇയാൾ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ ഇവിടെനിന്നും പൊലീസ് ക്ലബിലെത്തിച്ചു ചോദ്യംചെയ്തു വരികയാണ്.
അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയിൽ എടുത്തു. “ഝാർഖണ്ഡ് സ്വദേശിയെയാണ് ബാഗ് പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾ പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും ഉടൻ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആർ.പി.എഫ് നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.
യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം.
അതിവിദഗ്ധമായാണ് ബോംബ് നിർമിച്ചിരിക്കുന്നത്. രണ്ടു തവണ സ്ഫോടനമുണ്ടായി. ടിഫിൻ ബോക്സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.