സ്വപ്നച്ചിറകേറി സഊദിയിലേക്ക്; രോഗം തളർത്തിയതോടെ സുഹൃത്തുക്കളുടെ തണലിൽ ജീവിതം, ഒടുവിൽ നാട്ടിലേക്ക്

0
1368

ഇഖാമ പുതുക്കാതെയായിട്ട് 4 വർഷം കഴിഞ്ഞതിനാൽ ആരോഗ്യ ഇൻഷുറൻസും ലഭ്യമായിരുന്നില്ല

ദമാം: ആരോഗ്യപ്രശ്നം മൂലം പ്രതിസന്ധിയിലായ തമിഴ്നാട് സ്വദേശി സാമൂഹിക പ്രവർത്തകരുടെ കരുതലിൽ നാട്ടിലേയ്ക്ക് മടങ്ങുന്നു.  കന്യാകുമാരി, നാഗർകോവിൽ സ്വദേശി മരിയ മുത്തിയൻ വിൻസെൻ്റ് രാജ് (62) ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം വളരെ അവശതയിൽ കഴിയുകയായിരുന്നു. ഇഖാമയും ആരോഗ്യ ഇൻഷുറൻസും ഇല്ലാത്തതിനാൽ ആരോഗ്യകേന്ദ്രങ്ങളിലോ, ആശുപത്രിയിലോ പോകുവാനും കഴിയില്ലായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെട്ടിട നിർമാണ തൊഴിലാളിയായി 8 വർഷം മുൻപാണ് വിൻസെന്റ് ദമാമിൽ എത്തിയത്. ഇഖാമ പുതുക്കാതെയായതോടെ സ്വന്തമായി ചെയ്യാവുന്ന തൊഴിലെടുത്തായിരുന്നു നിത്യ ചെലവുകൾക്കുള്ള വഴി കണ്ടെത്തിയിരുന്നത്. ഇതിനിടെ രോഗം തളർത്തി കിടപ്പിലുമായതോടെ എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണമെന്നുള്ള ആശയും നശിച്ചു. തൊഴിൽരേഖയായ ഇഖാമ പുതുക്കാതെയായിട്ട് 4 വർഷം കഴിഞ്ഞതിനാൽ ആരോഗ്യ ഇൻഷുറൻസും ലഭ്യമായിരുന്നില്ല.

ഇത്രയും നാൾ ഒപ്പം താമസിച്ചിരുന്നവരുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ് ജീവിക്കാനായത്. ആരോഗ്യനില തീരെ വഷളായതോടെ ബന്ധപ്പെട്ട തമിഴ് സാമൂഹിക പ്രവർത്തകരായ വെങ്കിടേഷും ആരിഫും ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വളന്റിയർമാരായ മഞ്ജു മണിക്കുട്ടന്റേയും സഹായം തേടി.

തുടർന്ന് ഇരുവരും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ടു എക്സിറ്റ് ലഭ്യമാക്കാൻ ശ്രമിച്ചപ്പോൾ  ഇയാളുടെ പേരിൽ പഴയ ഒരു കേസ് നിലവിലുണ്ടെന്നു കണ്ടെത്തിയതോടെ ആദ്യ ശ്രമം തടസ്സപ്പെട്ടു. പിന്നീട്  ഇയാളുടെ തീരെ വഷളായ ആരോഗ്യസ്ഥിതി നേരിട്ട് ബോധ്യപ്പെടുത്തിയതോടെ കേസ് അവസാനിപ്പിക്കുന്നതിന് ദമാം, ശമാലിലെ പോലീസും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചതോടെ  കോടതി മുഖാന്തിരം കേസിൽ നിന്ന് ഒഴിവാക്കി നൽകി. 

യാത്രാ രേഖകൾ ശരിയാക്കി കൈമാറുമ്പോൾ ഒരു പക്ഷേ എല്ലാം ഇവിടെ സ്വയം അസ്തമിക്കുമെന്നു കരുതിയിരുന്ന  വിൻസെൻ്റിന്റെ മുഖത്ത്  പുത്തൻ പ്രത്യാശയുടെ തെളിച്ചം പ്രകടമായതായി സാമൂഹിക പ്രവർത്തകാരായ ഇരുവരും പറഞ്ഞു. ഇന്ത്യൻ എംബസിക്കും ദമാം പൊലീസിനും കിഴക്കൻ പ്രവിശ്യയിലെ ലേബർ  മന്ത്രാലയത്തിനും ഒപ്പം സാമൂഹിക പ്രവർത്തകരായ മഞ്ജുമണിക്കുട്ടനും മണിക്കുട്ടൻ പത്മനാഭനും നന്ദി പറയുകയാണ് വിൻസന്റ് രാജ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക