റിയാദ്: സഊദി – മാറാക്കര പഞ്ചായത്ത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവരെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. മദ്റസ പൊതു പരീക്ഷയിൽ മാറാക്കര പഞ്ചായത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ, മദ്റസ അധ്യാപകർ, മക്ക ഹറം, മിന എന്നിവിടങ്ങളിൽ ഹജ്ജ് വളണ്ടിയർമാരായി സേവനം ചെയ്ത കെഎംസിസി ഹജ്ജ് വളന്റിയർമാർ, കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ മുനവ്വർ ജാസിം, ബ്രസീലിൽ നടക്കുന്ന ലോക ബധിര ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ സെലക്ഷൻ ലഭിച്ച ജിതിൻ രാജ് എന്നിവരെയാണ് പരിപാടിയിൽ വെച്ച് മെമെന്റോ നൽകി അനുമോദിച്ചത്.
കാടാമ്പുഴ പാമ്പലത്ത് മുഹമ്മദ് ഹാജി സ്മാരക സൗധത്തിൽ വെച്ച് നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസഹാജി ഉദ്ഘാടനം ചെയ്തു. ഗ്രേസ് വാലി കോളേജ് മാനേജർ ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ലോക പ്രശസ്തി നേടിയ കെഎംസിസി വിദ്യാഭ്യാസ രംഗത്ത് നൽകുന്ന പ്രോത്സാഹനം ഭാവി തലമുറക്ക് വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ ഹാജി കല്ലൻ അധ്യഷത വഹിച്ചു.
മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അബുഹാജി കാലൊടി, വർക്കിംഗ് സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, ട്രഷറർ അബൂബക്കർ തുറക്കൽ, ഹംസ ചോഴിമഠത്തിൽ, എം. അഹ്മദ് മാസ്റ്റർ, ഒ. കെ കുഞ്ഞിപ്പ, ജുനൈദ് പാമ്പലത്ത്, മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. പി കുഞ്ഞി മുഹമ്മദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, ബ്ലോക്ക് മെമ്പർ പി. വി നാസിബുദ്ദീൻ, അബ്ദുൽ ഹമീദ് ഫൈസി, കാടാമ്പുഴ റെയ്ഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളായ മുസ്തഫ ഫൈസി, മുജീബ് ഫൈസി, ജുനൈദ് പാമ്പലത്ത്, കെ എം സി സി ഭാരവാഹികളായ ഷാഫി മുനമ്പം (ജിദ്ദ ), ബക്കർ ഹാജി കരേക്കാട് (ദുബായ് ), ഫൈസൽ കാടാമ്പുഴ (ഖത്തർ), പി. എം ഹുസൈൻ ( കുവൈത്), ഷൗക്കക്കത്ത് അലി ( യു എ ഇ), മൊയ്‌ദീൻ നെടുവഞ്ചേരി (ജിദ്ദ) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെഎംസിസി വക മെമെന്റോ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
സയ്യിദ് മാനുട്ടി തങ്ങൾ കാടാമ്പുഴ പ്രാർത്ഥന നടത്തി. സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി മുൻ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ സ്വാഗതവും അലവി ഹാജി ചെകിടപ്പുറം നന്ദിയും പറഞ്ഞു.