ജിദ്ദ: ചെങ്കടൽ തീരത്ത് ഇനി ചലച്ചിത്രോൽസവത്തിന്റെ നാളുകൾ. പത്തുനാൾ നീണ്ടുനിൽക്കുന്ന റെഡ് സീ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന് നവംബർ മുപ്പതിന് ജിദ്ദയിൽ കൊടിയേറും.
നവംബർ 30 മുതൽ ഡിസംബർ ഒമ്പത് വരെയാണ് ഫിലിം ഫെസ്റ്റിവൽ.
ചലച്ചിത്രോൽസവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലും പുറത്തുമായാണ് ഫെസ്റ്റിവൽ നടക്കുക. സിനിമ പ്രദർശനത്തോടൊപ്പം സിനിമയുടെ ഭാവുകത്വത്തെക്കുറിച്ചറിയാനുള്ള സദസ്സുകളും സംവാദങ്ങളും ശിൽപശാലകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിൽ നിന്നുള്ള സിനിമകളും അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും പുതിയ തലമുറയെ പരിചയപ്പെടുത്തും.
കഴിഞ്ഞ വർഷം 66 രാജ്യങ്ങളിൽ നിന്നുള്ള 143 സിനിമകളാണ് പ്രദർശിപ്പിച്ചത്. ഇത്തവണയും ഇതേ മാനദണ്ഡമനുസരിച്ചായിരിക്കും സിനിമകളുടെ തെരഞ്ഞെടുപ്പ്. രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ മൊത്തം 39,410 പ്രേക്ഷകരാണ് പങ്കാളികളായത്. പുറമെ ഇന്ത്യയിൽ നിന്നുൾപ്പെടെ 4345 ചലച്ചിത്ര പ്രവർത്തകരും ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു.
പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ്‌ലുഹ്ർമാനാണ് ഇത്തവണ സിനിമകളുടെ വിധികർത്താവ്. എഴുത്തുകാരൻ, നിർമാതാവ് എന്ന നിലകളിലും പ്രസിദ്ധനാണ് ഈ പ്രതിഭ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എൽവിസ് എന്ന പ്രശസ്ത സിനിമയിലൂടെ വിഖ്യാതനാണ് ബാസ്‌ലുഹ്ർമാൻ.
സിനിമക്ക് വേണ്ടി സംഗീതം എങ്ങനെ ചിട്ടപ്പെടുത്താമെന്ന് പരിശീലിപ്പിക്കുന്ന മ്യൂസിക് ഫോർ ഫിലിം, ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടിക്കൊപ്പമുണ്ടാകും. ആഗോള പുരസ്‌കാരം നേടിയ ചലച്ചിത്ര സംഗീത സംവിധായകരുടെ സാന്നിധ്യവും സംഗീത പരിപാടിയെ സവിശേഷമാക്കും.
ഇത്തവണയും മികച്ച ലോക സിനിമക്കുള്ള ഗോൾഡൻ യുസ്ര് അവാർഡായിരിക്കും മേളയിലെ പ്രധാന ആകർഷണം. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മൽസരത്തിൽ മാറ്റുരയ്ക്കും. ബോളിവുഡ് നടീനടന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരിക്കും.
ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി റെഡ് സീ സൂഖ് എന്ന പേരിലുള്ള പ്രദർശനം കലയുടെയും സംസ്‌കാരത്തിന്റെയും മേഖലയിൽ സൗദി അറേബ്യ നൽകിയ സംഭാവനകളുടെ സമുച്ചയമായിരിക്കുമെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ മുഹമ്മദ് അൽ തുർക്കി പ്രസ്താവിച്ചു. റെഡ്‌സീ ഫിലിം ഫെസ്റ്റിവലിൽ അറബ് ആഫ്രിക്കൻ ഇംഗ്ലീഷ് ഇന്ത്യൻ സിനിമകളുടെ ഉൽസവമായിരിക്കും.