റിയാദിൽ കുടുങ്ങിയ മലയാളി വീട്ടമ്മ ഒമ്പത് മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു

0
2669

റിയാദ്: റിയാദിൽ കുടുങ്ങിയ മലയാളി വീട്ടമ്മ ഒമ്പത് മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകരുടെ സഹായത്തോടെയാണ് ആലപ്പുഴ സ്വദേശിയായ ഇവർ നാട്ടിലെത്തിയത്.

പി.എം.എഫിന്റെ പ്രവർത്തകർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ത്യൻ എംബസി വഴി നൽകിയ ഔട്ട്പാസ് മുഖേനയാണ് ഇവരെ നാട്ടിലെത്തിച്ചത്. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ഒമ്പത് മാസം മുമ്പ് ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ട്രാവൽ ഏജന്റ് വഴിയാണ് ആലപ്പുഴ സ്വദേശിയായ വീട്ടമ്മ ഒരു മാൻ പവർ സപ്ലൈ കമ്പനിയിലേക്ക് ക്ലീനിംഗ് തൊഴിലാളിയായി റിയാദിലെത്തുന്നത്.

റിയാദിലെ ഒരു സ്വകാര്യ സ്‌കൂളിൽ 1300 റിയാൽ മാസ വേതനത്തോടെ ജോലി നോക്കിയിരുന്ന ഇവർക്ക് മൂന്ന് മാസം കഴിഞ്ഞപ്പോൾ നിലവിലെ ജോലി നഷ്ടമായി. പിന്നീടങ്ങോട്ട് മറ്റൊരു സ്‌കൂളിലേക്ക് ഇവരെ മാറ്റിയെങ്കിലും ശമ്പളമില്ലാതെയായിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്.

ഇതിനിടെ ഏജൻസിക്ക് കീഴിൽ ജോലിക്കെത്തിയ നേപ്പാൾ, പാക്കിസ്താൻ, ശ്രീലങ്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം വരുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിച്ചിരുന്ന സൗകര്യങ്ങളില്ലാത്ത ചെറിയ ഒരു മുറിയിലേക്ക് ഏജൻസി മാറ്റി പാർപ്പിക്കുകയായിരുന്നു.

അവിടെ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമാവുകയായിരുന്നു. ഭക്ഷണവും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കു പോലും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു.
ഇതിനിടയിൽ പല തവണ ഏജന്റുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ആയിടക്ക് കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി.

ഈ സാഹചര്യത്തിലാണ് നാട്ടിൽ നിന്ന് ഇവരുടെ കുടുംബം പി.എം.എഫ് പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. തുടർന്ന് പി.എം.എഫ് ദേശീയ കമ്മിറ്റി അംഗം ബിനു കെ.തോമസ്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ, നിർവാഹക സമിതി അംഗം തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ തുടങ്ങിയവർ രംഗത്തെത്തി ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകി.

തുടർന്ന് നടത്തിയ ഇടപെടലിൽ ഏജൻസിയുടെ ഭാഗത്ത് നിന്ന് യാതൊരു രീതിയിലുള്ള സഹകരണവും ലഭിക്കാതെ വന്നപ്പോൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രക്കാവശ്യമായ രേഖകൾ ശരിയാക്കി നൽകി.
യാത്രക്കിടയിലെ നടപടികൾ പൂർത്തിയാക്കാൻ പ്രവാസിയായ അനൂപ് ഇബ്രാഹിം സഹായിച്ചു. യാത്രക്കായുള്ള വിമാന ടിക്കറ്റ് ഓർബിറ്റ് ട്രാവൽസ് ഉടമയും പി.എം.എഫ് ഉപദേശക സമിതിയംഗവുമായ റഫീഖ് വെട്ടിയാർ നൽകി. അങ്ങനെ ഒമ്പത് മാസത്തെ ദുരിതത്തിനറുതിവരുത്തി കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശിയായ വീട്ടമ്മ നാടണഞ്ഞു.