297 നഴ്സുമാര്‍ യുകെയിലേക്ക് പറക്കും; വരാനിരിക്കുന്നത് വന്‍ അവസരം

0
2461

തിരുവനന്തപുരം: ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്സിങ് റിക്രൂട്ട്മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്സുമാര്‍ക്കാണ് റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവരില്‍ 86 പേര്‍ OET യു.കെ സ്കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുളലില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ശ്രീ. ശ്യാം.ടി.കെ യുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

പ്രസ്തുത റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമൊരുക്കി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ 3rd എഡിഷന്‍ 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ (OET/IELTS-UK SCORE-നേടിയവര്‍ക്കു മാത്രം),  സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.