ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ; വിമാനത്തിന് ഇന്ത്യയിൽ അടിയന്തിര ലാന്റിംഗ്

0
1905

മുംബൈ: പുണെ–ഡൽഹി വിമാനം
ബോംബു ഭീഷണിയെ തുടർന്ന്
അടിയന്തരമായി നിലത്തിറക്കി. 185 യാത്രക്കാരുമായി പുണെയിൽനിന്ന് പുറപ്പെട്ട ആകാശ എയർലൈൻസിന്റെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. ബാഗിനുള്ളിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നായിരുന്നു സംഭവം.

പു‌ണെയിൽനിന്ന് ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റിനുള്ളിലാണ് മുംബൈ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിടുകയും അവിടെ ഇറക്കുകയും ചെയ്തതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ബോംബ് ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം രാവിലെ ആറിന് മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. 

പുലർച്ചെ രണ്ടരയോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബോംബ് ഭീഷണിയുണ്ടെന്ന കാര്യം മുംബൈ പൊലീസിൽ‌ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ബോംബ് സ്ക്വാഡിന്റെ സാന്നിധ്യത്തിൽ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന്, മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇയാൾ മരുന്നു കഴിച്ചിരുന്നതായി ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു അറിയിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.