മൃഗശാല ജീവനക്കാരന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു പ്രവർത്തിയിൽ പ്രകോപിതനായ ഒരു ആൺ സിംഹം ജീവനക്കാരനെ ആക്രമിക്കുന്നതിന്‍റെ രംഗങ്ങൾ പ്രചരിക്കുന്നു. ജീവനക്കാരനെ രക്ഷിക്കാനായി സഹജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ രക്ഷയായത് അവിടെയുണ്ടായിരുന്ന ഒരു സിംഹിണിയുടെ ഇടപെടലാണ്.
‘natureinclips’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മൃഗശാല ജീവനക്കാർ ഒരു സിംഹവലയത്തിനുള്ളിൽ നിൽക്കുന്നതും അവർക്ക് സമീപത്തായി ഒരു ആൺസിംഹവും ഒരു പെൺസിംഹവും വിശ്രമിക്കുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം.
അൽപ്പം കഴിഞ്ഞപ്പോൾ ജീവനക്കാരിലൊരാൾ ആൺ സിംഹത്തിന്‍റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു. ഇതോടെ അക്രമാസക്തനായി മാറിയ ആൺ സിംഹം അയാളെ ആക്രമിക്കുന്നു. ജീവനക്കാരന്‍റെ ശരീരത്തിലേക്ക് ചാടിക്കയറിയ സിംഹം അയാളെ കടിച്ചു കീറാൻ ശ്രമിക്കുന്നു. സഹജീവനക്കാരൻ അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇതിനിടെ സംഭവം പെൺ സിംഹത്തിന്‍റെ ശ്രദ്ധയിൽ പെടുകയും അത് വേഗത്തിൽ എത്തി തന്‍റെ ഇണയെ അനുനയിപ്പിക്കുകയും ജീവനക്കാരനെ രക്ഷപെടുത്തുകയുമായിരുന്നു.