ഗസ്സ സിറ്റി: ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി അറബ് ലോകം. ഇസ്റാഈലിൻ്റെ നടപടിയിൽ ഖത്തർ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വൻ പ്രതിഷേധം രേഖപ്പെടുത്തി.
പ്രകോപിതരായ ജനങ്ങൾ ഇസ്രായേൽ എംബസി കയ്യേറിയതിനെ തുടർന്ന് അമ്മാനിൽ ഫലസ്തീൻ നേതാക്കളുമായി നടക്കാനിരുന്ന യു.എസ് – ഈജിപ്ത് ഉച്ചകോടി ഉപേക്ഷിച്ചതായി ജോർദാൻ അറിയിച്ചു. ആശുപത്രി ആക്രമണം ഭയാനകം ആണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആൻ്റോനിയോ ഗുട്ടറസ് പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഹീനമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
ഇന്നലെ രാത്രിയാണ് ഗസ്സ സിറ്റിയിലെ അൽ അഹ്ലി അൽ അറബ് ആശുപത്രിക്ക് നേരെ ഇസ്രായേലിൻ്റെ ശക്തമായ വ്യോമാക്രമണം ഉണ്ടായത്. ജറുസലേമിലെ എപ്പിസ്കോപ്പൽ ചർച്ചിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി സുരക്ഷിത സ്ഥാനമാണെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് അറിയിച്ചിരുന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടികളും സ്ത്രീകളും അടക്കമുള്ള 500 പേരോളമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണ നിരക്ക് ഇനിയും വർധിക്കാമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.