ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി വിദ്യാര്‍ഥിനിയുടെ പരാതി. ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നാണ്
20-കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. ഒക്ടോബര്‍ ആദ്യം ബെംഗളൂരുവില്‍ നിന്ന് പൂണെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് പൈലറ്റ് താന്‍ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പൈലറ്റ് കഴിച്ചുകൊണ്ടിരുന്ന മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനിയെന്നും ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം തന്റെ ലഗേജ് എടുത്തുവെക്കാനായി സഹായം വാഗ്ദാനം ചെയ്തതായും അല്‍പസമയത്തിന് ശേഷം വിമാനത്തിന്റെ പിന്‍വശത്തേക്ക് ചെല്ലാനാവശ്യപ്പെട്ട് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അയച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു.
തന്റെ ലഗേജുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പ്രശ്‌നമായിരിക്കാമെന്ന് ധരിച്ച് താന്‍ പിറകിലേക്ക് ചെന്നപ്പോള്‍ ആ വ്യക്തി ചിരിക്കാന്‍ തുടങ്ങുകയും മദ്യമാണെന്ന് പറഞ്ഞുകൊണ്ട് തന്റെ കൈയിലിരുന്ന കുപ്പി നീട്ടുകയും ചെയ്തതായി പെണ്‍കുട്ടി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. പൈലറ്റിന്റെ വാഗ്ദാനം നിരസിച്ചുകൊണ്ട് സീറ്റിലേക്ക് മടങ്ങാന്‍ ശ്രമിച്ച തന്നോട് നിര്‍ബന്ധപൂര്‍വം സംഭാഷണം തുടരാന്‍ ശ്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.