മരണം 3000 കടന്നു; വ്യോമാക്രമണത്തിൽ ബന്ദികളും കൊല്ലപ്പെട്ടു വീടുവിട്ടു പോകരുതെന്ന് ജനങ്ങളോട് ഫലസ്തീൻ നേതാക്കൾ

0
2139

ജറുസലം: പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ തെക്കൻമേഖലയിലേക്കു ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും ജനങ്ങൾ പലായനം തുടങ്ങി. 4 ലക്ഷം പേർ വിട്ടുപോയെന്ന് യുഎൻ അറിയിച്ചു.

3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്. വീടുവിട്ടുപോകരുതെന്നു ജനങ്ങളോടു പലസ്തീൻ നേതാക്കൾ അഭ്യർഥിച്ചു. ഇസ്രയേൽ കരസേന ഗാസയിൽ റെയ്ഡ് തുടങ്ങി. ഇതുവരെ വ്യോമാക്രമണം മാത്രമാണു നടത്തിയിരുന്നത്. ഒഴിപ്പിക്കൽ അസാധ്യമാണെന്നു ഗാസയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ വ്യക്തമാക്കി.

ആശുപത്രികളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നതു മരണശിക്ഷയായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. സഹായമെത്തിക്കാനാവില്ലെന്ന് റെഡ്ക്രോസും അറിയിച്ചു. ജനങ്ങളെ 24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്ന ആവശ്യം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തള്ളി.

ഇസ്രയേൽ ആവശ്യത്തെ യുഎസ് പിന്തുണച്ചു. പലായനം രാജ്യത്തേക്ക് അനിയന്ത്രിത അഭയാർഥി പ്രവാഹമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഈജിപ്ത്. ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗാസയിൽ 1799 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അറിയിച്ചു. ഇസ്രയേലിൽ 1300 പേരാണു കൊല്ലപ്പെട്ടത്. 

ഇസ്രയേൽ ബോംബാക്രമണത്തിൽ ഗാസയിലെ വിവിധ കേന്ദ്രങ്ങളിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു. ശനിയാഴ്ചത്തെ ആക്രമണത്തിൽ  ഹമാസ് 120 പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു.