റിയാദ്: ജീവ കാരുണ്യ – സേവന രംഗങ്ങളിൽ തുല്യതയില്ലാത്ത സേവനം നടത്തുന്ന കെഎംസിസി പ്രവർത്തകർ പ്രവാസം നിറുത്തിയാലും തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തിനു വേണ്ട സ്ഥിരം വരുമാനം ലഭിക്കുന്ന പദ്ധതികൾ ആരംഭിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു. പ്രവാസികൾ നാട്ടിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും വേണ്ട നിയപരമായ സഹായങ്ങൾ ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതികൾ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃസ്വ സന്ദർശനത്തിന് റിയാദിലെത്തിയ അദ്ദേഹം കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ടേബിൾ ടോക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
പ്രവാസികൾ അനുഭവിക്കുന്ന പൊതു പ്രശ്നങ്ങളും കോട്ടക്കൽ മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങളും കെഎംസിസി ഭാരവാഹികൾ എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തി. കോട്ടക്കൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എം എൽ എ വിശദീകരിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് വലിയ തടസ്സാമാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു.
ബത്ഹയിൽ വെച്ച് നടന്ന പരിപാടിയിൽ റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, ശുഐബ് മന്നാനി കാർത്തല, ഇസ്മായിൽ കാമ്പ്രത്ത്, ഫർഹാൻ കാടാമ്പുഴ, ഹാഷിം മൂടാൽ, അബൂബക്കർ സി. കെ പാറ, മുഹമ്മദ് കല്ലിങ്ങൽ, നിസാർ പാറശ്ശേരി, ഫൈസൽ തിണ്ടലം, മജീദ് ബാവ പാല, മൊയ്തു, റഷീദ് അത്തിപ്പറ്റ,ഹുസൈൻ പാല, ദിലൈബ് ചാപ്പനങ്ങാടി, അബ്ദുൽ ഗഫൂർ കോൽക്കളം തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.