ജാതി മാറി പ്രണയം: മകളെ കഴുത്തറുത്ത് പക വീട്ടി പിതാവ്

0
2301

ബെംഗളൂരു: ദേവനഹള്ളിയിൽ
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിനു മകളെ കൊലപ്പെടുത്തി പിതാവ്. കർണാടകയിലെ ദേവനഹള്ളിയിൽ ബുധനാഴ്ച രാത്രിയോടെയാണു സംഭവം. കാവന(20) എന്ന കോളജ് വിദ്യാർഥിയെയാണ് പിതാവ് മഞ്ജുനാഥ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാലുകളിലും കൈകളിലും നിരവധി തവണ വെട്ടിയതിന്റെ പാടുകളുമുണ്ട്. 

യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പിതാവ് നിരവധി തവണ കാവനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവിന്റെ വാക്കുകൾ കേൾക്കാൻ തയാറാകാതിരുന്ന വിദ്യാർഥി ബന്ധം തുടർന്നു. മാത്രമല്ല, മഞ്ജുനാഥിന്റെ ഇളയ മകൾക്കും ഒരു പ്രണയമുണ്ടായിരുന്നു. കാവനയാണ് അതിനു കാരണമെന്നും മഞ്ജുനാഥ് വിശ്വസിച്ചു. തുടർന്ന് ബുധനാഴ്ച രാത്രി ഇതു സംബന്ധിച്ച് കാവനയും പിതാവും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്ക് മൂർച്ഛിച്ചപ്പോൾ മഞ്ജുനാഥ് കത്തിയെടുത്ത് മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാവനയുടെ കാലിലും കൈകളിലും കത്തികൊണ്ട് വെട്ടുകയും ചെയ്തു. 

കൊലപാതകത്തിനു പിന്നാലെ മഞ്ജുനാഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പെൺമക്കളുടെ പ്രണയബന്ധത്തെ കുറിച്ച് നാട്ടിൽ ചർച്ചയായിരുന്നെന്നും ഇതിൽ പലതരം ഗോസിപ്പുകൾ കേട്ടതാണ് മഞ്ജുനാഥിനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.