സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. മുംബൈ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി.
വിമാനത്തില്‍ വച്ച് തന്നെ വിഷയം എയർ ഹോസ്റ്റസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. പൊലീസിന് പരാതി നല്‍കാനായിരുന്നു എയർഇന്ത്യ അധികൃതരുടെ നിർദേശം. കൊച്ചിയിലെത്തിയ ശേഷം നെടുമ്പാശേരി പൊലീസിൽ പരാതി നൽകി.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമേ എന്തെങ്കിലും വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.