ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം; ഈ വർഷമുണ്ടായത് 99 അപകടങ്ങൾ

0
963

ദുബായ്: 99 അപകടങ്ങളാണ് ഈ വർഷം ആദ്യ എട്ട് മാസത്തിനുള്ളിൽ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കാരണമുണ്ടായതെന്ന്  ദുബായ് പൊലീസ് അറിയിച്ചു. ഈ അപകടങ്ങളിൽ ആറ് പേർക്ക് ജീവൻ നഷ്ടമായി.

58 പേർക്ക് പരിക്കേറ്റു, അവയിൽ ചിലരുടെ പരുക്ക് ഗുരുതരവുമാണ്. ഇതേ കാലയളവിൽ ദുബായ് പൊലീസ് ഈ വിഷയവുമായി ബന്ധപ്പെട്ട് മൊത്തം 35,527 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നും സുരക്ഷിതമായ ഡ്രൈവിംഗിന് വിഘാതമാകുമെന്നും ഇതു കാരണം അപകട സാധ്യത ഇരട്ടിക്കുന്നതായി ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

അപകടസാധ്യതകളോടുള്ള വേഗത്തിലുള്ള പ്രതികരണങ്ങൾ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ കുറയുന്നുണ്ട്. പ്രത്യേകിച്ചും ഡ്രൈവർമാർ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ വായിക്കുകയോ  സന്ദേശങ്ങൾ അയയ്ക്കുകയോ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ.

റോഡിലെ ഇത്തരം അശ്രദ്ധകളെ ഗുരുതരമായ നിയമ ലംഘനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം ഉയർത്തുന്ന ഭീഷണി തിരിച്ചറിയുന്നതിൽ പല ഡ്രൈവർമാരും പരാജയപ്പെടുന്നു, ഇത് പലപ്പോഴും ഇരകൾക്ക് ആജീവനാന്ത പ്രത്യാഘാതങ്ങളുള്ള അപകടങ്ങളിലേക്ക് നയിക്കുന്നതായി  മേജർ ജനറൽ അൽ മസ്‌റൂയി കൂട്ടിച്ചേർത്തു. 

ഈ കുറ്റത്തിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയെന്ന് അദ്ദേഹം ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.  വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൊലീസ്  നിരവധി പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.