മസ്കറ്റ്: സദാചാര ലംഘനം നടത്തിയെന്ന കേസില്‍ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചതിനാണ് ഏഷ്യൻ വംശജരായ പ്രവാസികളെ ഒമാൻ സീബിൽ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സീബ് വിലായത്തിലെ മാബില പ്രദേശത്ത് നിന്നുമാണ് ഇവരെ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഒമാനില്‍ 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിലായി. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34 പേര്‍ പൊലീസ് പിടിയിലായത്. പിടിയിലായവർ ഏഷ്യൻ വംശജർ ആണെന്നും പ്രസ്താവനയിൽ പറയുന്നു.
പൊലീസ് അറസ്റ്റിലായ 34 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.