റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രൂസ് കാംബെല്‍ താമസിക്കുന്നത് ഒരു വിമാനത്തിലാണ്. ഈ വിമാനം എയര്‍പോട്ടില്ല, മറിച്ച് ഒരു വനത്തിന് നടുക്കാണ്. മാത്രമല്ല ഇതൊരു സാധാരണ വിമാനവുമല്ല, ബോയിംഗ് 727 എന്ന കൂറ്റന്‍ വിമാനം. ഇന്ന് 64 വയസുണ്ട് ബ്രൂസിന്. എന്നാല്‍, ബ്രൂസിന് ഈ ആശയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
അദ്ദേഹത്തിന്‍റെ ഇരുപതാമത്തെ വയസില്‍ തന്നെ ഈ സ്വപ്നഭവനത്തിനായി അദ്ദേഹം ശ്രമം തുടങ്ങി. അതിന്‍റെ ആദ്യ പടിയായി, 1980 കളുടെ തുടക്കത്തില്‍ അദ്ദേഹം യുഎസിലെ ഒറിഗോണിലെ ഹിൽസ്‌ബോറോയിലെ വനത്തിൽ 23,000 ഡോളറിന് 10 ഏക്കർ ഭൂമി വാങ്ങി, പിന്നാലെ ഉപേക്ഷിക്കാനിട്ടിരുന്ന ഒരു ബോയിംഗ് വിമാനവും. ഇന്ന് ബ്രൂസ് കാംബെലിന്‍റെ റിട്ടയേര്‍ഡ് ജീവിതം ഈ ബോയിംഗ് 727 ലാണ്. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു കാട്ടിനുള്ളില്‍ കിടക്കുന്ന ഒറ്റപ്പെട്ട കൂറ്റന്‍ വിമാനമായിട്ടാണ് ബ്രൂസിന്‍റെ ഈ വീട് കാണാനാകുക.
ഒരു സാധാരണ വിമാനത്തിന്‍റെ ഉൾവശത്ത് ഇരിപ്പിടങ്ങളല്ലാതെ കാര്യമായ യാതൊന്നും തന്നെയുണ്ടാകില്ല. യാത്ര ചെയ്യുന്നതിനപ്പുറത്ത് അത് കാഴ്ചക്കാരനെ പെട്ടെന്ന് തന്നെ ബോറടിപ്പിക്കും. ഈ ബോറടി മാറ്റാന്‍ വിമാനത്തിന്‍റെ ഉള്‍വശം പുതിക്കിപ്പണിയാന്‍ ബ്രൂസ് തയ്യാറായി. കുട്ടിക്കാലത്ത് ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പുതിയ ഒന്ന് സൃഷ്ടിക്കാന്‍ തനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നതായി ബ്രൂസ് പറയുന്നു.
ഈ താത്പര്യം തനിക്ക് ബോയിംഗിന്‍റെ ഉള്‍വശം പണിയുന്നതില്‍ കരുത്തായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ബോയിംഗ് വിമാനം വീടാക്കി മാറ്റുന്ന ആദ്യത്തെ ആളല്ല ബ്രൂസ്. തനിക്ക് അതിന് വഴി കാട്ടിയായത് ഹെയർ ഡ്രെസ്സറായ ജോവാൻ ഉസ്സേരിയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു.