കാർ ഫാക്ടറി സ്ഥാപിക്കാൻ വൻകിട കാർ നിർമ്മാണ കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നതായി സഊദി

0
1648

ജിദ്ദ: കാർ ഫാക്ടറി സ്ഥാപിക്കാൻ വൻകിട കാർ നിർമാണ കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി.

റാബിഗ് കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഇലക്ട്രിക് കാർ ഫാക്ടറി തുറന്നത് സൗദി വ്യവസായ തന്ത്രത്തിലെയും കാർ വ്യവസായ മേഖലയിലെയും പ്രധാന നാഴികക്കല്ലാണ്. പതിനെട്ടു മാസത്തിനുള്ളിൽ ഫാക്ടറി നിർമിച്ച് കാർ നിർമാണം ആരംഭിക്കാൻ ലൂസിഡ് കമ്പനിക്ക് സാധിച്ചു. സൗദിയിലെ നിക്ഷേപ ആകർഷണീയ അന്തരീക്ഷമാണ് ഇത് സൂചിപ്പിക്കുന്നത്. വൻകിട പദ്ധതികൾ നടപ്പാക്കാൻ സൗദി അറേബ്യക്ക് ശേഷിയുണ്ട്.

കാർ നിർമാണത്തിൽ മാത്രമല്ല, വാഹന വ്യവസായ മേഖലയിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. കിങ്‌ അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് കാർ ഫാക്ടറിയിൽ നിർമിക്കുന്ന ഇലക്ട്രിക് കാറുകളിൽ 85 ശതമാനവും വിദേശങ്ങളിലേക്ക് കയറ്റി അയക്കും. കാർ നിർമാണ, കയറ്റുമതി മേഖലാ കേന്ദ്രമായി സൗദി അറേബ്യ മാറിയെന്നാണ് ഇത് അർഥമാക്കുന്നതെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.

രാജ്യത്ത് നിക്ഷേപങ്ങൾ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. ലക്ഷ്യമിടുന്ന വിപണികളിൽ വേഗത്തിൽ എത്തിപ്പെടാൻ സൗദിയിലെ നിക്ഷേപകരെ പ്രാപ്തരാക്കാൻ സൗദി അറേബ്യക്ക് സാധിക്കും.