വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം ഒക്ടോബർ 1, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇൻഷൂറൻസ് സാധുക പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സഊദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇൻഷൂറൻസ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷൂറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷൂറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
ഇൻഷൂറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ അക്കൌണ്ട് വഴി ഇൻഷൂറൻസ് പിഴ അറിയാൻ സാധിക്കും. ഇൻഷൂറൻസ് കാലഹരണപ്പെടുക, ഇൻഷൂറൻസ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇൻഷൂറൻസ് നിയമ ലംലനമായി കണക്കാക്കും.