മൂന്നാർ: യുവതിയുടെ ചിത്രം അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതിയായ കട്ടപ്പന നരിയമ്പാറ സ്വദേശി കണ്ണമ്പള്ളിൽ വീട്ടിൽ ജിയോ ജോർജ് ആണ് തങ്കമണി പൊലീസിന്റെ പിടിയിലായത്.
കേസിൽ ഒന്നും മൂന്നും പ്രതികളായ കട്ടപ്പന കറുകച്ചേരിൽ ജെറിൻ, ജെബിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ജെറിന് വേണ്ടി മൊബൈൽ ഫോൺ വാങ്ങി നൽകുകയും മോർഫ് ചെയ്ത അശ്ലീല ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശത്തിനൊപ്പം അയക്കുകയും ചെയ്തത് ജിയോ ജോർജ്ജാണെന്ന് പൊലീസ് പറഞ്ഞു.
ഇരട്ടയാർ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരിൽ ഗ്യാസ് ഏജൻസി നടത്തുന്നവരാണ് ജെറിനും സഹോദരൻ ജെബിനും. ഇവിടുത്തെ ജീവനക്കാരിയായ യുവതിയോട് ജെറിനുണ്ടായ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കം. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് തയ്യാറാക്കി.
ഇതിനു ശേഷം ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെ 150 ഓളം പേരെ ചേർത്ത് വാട്സാപ്പ് കൂട്ടായ്മയുണ്ടാക്കി. ഇതിൽ ജെറിൻ ചിത്രങ്ങൾ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്ത ശേഷം ഗ്രൂപ്പ് റിമൂവ് ചെയ്തു. സാമൂഹ്യ മാധ്യമത്തിൽ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രിൽ മാസത്തിൽ തങ്കമണി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിച്ചതെന്ന് കണ്ടെത്തി.