പാംജുമൈറയുടെ രണ്ടിരട്ടി വലുപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്
ദുബൈ: എമിറേറ്റിന്റെ സ്വപ്നപദ്ധതികളിലൊന്നായ പാംജെബൽ അലിയിലെ വില്ലകളുടെ ആദ്യവിൽപ്പന നഖീൽ പ്രഖ്യാപിച്ചു. ഈന്തപ്പനയുടെ ആകൃതിയിലുള്ള പദ്ധതിയിൽ എട്ടുരീതിയിൽ നിർമിച്ച കോറൽ, ബീച്ച് വില്ലകളാണ് നഖീൽ അവതരിപ്പിച്ചിട്ടുള്ളത്. ദുബൈയിലെ ഏറ്റവുംനീളമേറിയ തീരപ്രദേശമായ പാം ജെബൽ അലിയെ വിപണിയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നഖീലിന്റെ ചീഫ് കൊമേഴ്‌ഷ്യൽ ഓഫീസർ റഷ ഹസൻ പറഞ്ഞു.
എമിറേറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് പദ്ധതി നിർണായക പങ്കുവഹിക്കും. വാട്ടർഫ്രണ്ട് മേഖലയിൽ ആഗോളതലത്തിൽ ദുബായ് ഇതോടെ ശ്രദ്ധനേടും. ഒട്ടേറെ അന്താരാഷ്ട്ര, പ്രാദേശിക വാസ്‌തുവിദ്യാസ്ഥാപനങ്ങൾ വില്ലകളുടെ നിർമാണത്തിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബീച്ചുകളുടെ വിശാലമായ കാഴ്ച ലഭ്യമാക്കുംവിധമാണ് ആഡംബരവില്ലകൾ രൂപകല്പന ചെയ്‌തിട്ടുള്ളത്. നടന്നും സൈക്കിളിലും ബീച്ചിലേക്ക് പ്രവേശിക്കാൻ പച്ചപ്പുകൾ നിറഞ്ഞ പ്രത്യേക പാതകളുമുണ്ടാകും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം മേയ് മാസമാണ് പാംജെബൽ അലി പദ്ധതി പ്രഖ്യാപിച്ചത്.
പാംജുമൈറയുടെ രണ്ടിരട്ടി വലുപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇവിടെ 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ എൺപതിലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.