നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ

0
663

ദില്ലി: നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. ഇന്ത്യ സ്വാതന്ത്ര്യം നേടി മൂന്ന് വർഷത്തിനിപ്പുറം 1950 സപ്റ്റംബർ 17ന് ​ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ആറ് മക്കളിൽ മൂന്നാമനായിട്ടാണ് മോദിയുടെ ജനനം.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് തൽകാലം മോദിക്ക് മുന്നിലുള്ള വെല്ലുവിളിയും ലക്ഷ്യവും.
പതിവ് രാഷ്ട്രീയ ശൈലി വിട്ട് അധികാരം ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നതാണ് നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യ കണ്ടത്. ചെറുപ്പത്തിലേ ആർഎസ്എസ് ശാഖയിലൂടെ തുടങ്ങി ഇരുപതാം വയസിലാണ് മോദി രാഷ്ട്രീയം ജീവിതമായി തെരഞ്ഞെടുത്തത്. അന്ന് മുതൽ 24 മണിക്കൂർ രാഷ്ട്രീയക്കാരനാണ് മോദി.

2001ൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് മുതൽ പല ഘട്ടങ്ങളിലായി ​ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും മോദിക്ക് നേരെ ഉയർന്നു. മൂന്നാം തവണയും ​ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കേ 2014 ലാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി ദില്ലിയിൽ അധികാരം പിടിക്കുന്നത്. 

2019 ൽ കൂടുതൽ സീറ്റുകൾ നേടി രണ്ടാം തവണയും മോദി അധികാരമുറപ്പിച്ചു. എന്നാൽ നോട്ട് നിരോധനം, കർഷക പ്രക്ഷോഭം, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചത് തുടങ്ങിയവ കനത്ത തിരിച്ചടിയായി. വർ​ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ ശൈലിയെന്ന നിരന്തര വിമർശനവും മോദിയും സർക്കാറും നേരിടുകയാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ മോദിയെ എങ്ങനെയും താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ കൈകോ‌ർക്കുകയാണ്.