ഗൾഫിൽ നിന്നെത്തിയ 186 പേരില്‍ 113 പേരും കള്ളക്കടത്തുകാര്‍; മസ്‌ക്കറ്റില്‍ നിന്നും കടത്തിയത് 14 കോടിയുടെ സാധനങ്ങള്‍…!!

0
2910

ചെന്നൈ: ഏകദേശം 14 കോടി രൂപയോളം വരുന്ന സാധനങ്ങള്‍ നികുതിവെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ചതിന് ഒരു എയര്‍ലൈന്‍സിന്റെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസ്. സ്വര്‍ണ്ണവും ഇലക്‌ട്രോണിക് സാധനങ്ങളും സിഗററ്റുകളും കുങ്കുമപ്പൂവ് വരെ കടത്താന്‍ ഉപയോഗിച്ച വസ്തുക്കളില്‍ പെടുന്നു. സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എല്ലാം.

രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് 186 പേരെയും തടഞ്ഞു വെച്ച്‌ പരിശോധന നടത്തിയാണ് എല്ലാം പിടികൂടിയത്. 13 കിലോയോളം വരുന്ന സ്വര്‍ണ്ണം ബിസ്‌ക്കറ്റ്, മിശ്രിതം, സ്പ്രിംഗ് വേര്‍ തുടങ്ജിയ പല രൂപത്തില്‍ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ലാപ്‌ടോപ്പുകള്‍, 120 ഐഫോണുകള്‍ 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിദേശ സിഗററ്റ്, കുങ്കുമപ്പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നു. ബാഗുകളിലും സ്യൂട്ട്‌കേസുകളിലും ഒളിപ്പിച്ചായിരുന്നു ഇവ.

യാത്രക്കാരെയെല്ലാം പരിശോധിക്കാന്‍ മണിക്കൂറുകളോളം എടുത്തു. യാത്രക്കാരില്‍ 73 പേര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് മറ്റ് 113 യാത്രക്കാരെ പൊലീസ് തിരച്ചില്‍ നടത്തിയത്. അടിവസ്ത്രത്തിനുള്ളില്‍ ഇവര്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണവളകളും ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. വിമാനത്തിലെ ഒരു സഹയാത്രികനാണ് തങ്ങളുടെ പക്കല്‍ ഫോണ്‍ തന്നതെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 113 പേര്‍ക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.

ചോക്‌ളേറ്റ്, പെര്‍ഫ്യൂം, പണം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കള്ളക്കടത്ത് സംഘം യാത്രക്കാരെ സ്വാധീനിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ എത്തി ഫോണ്‍ കൈമാറിയാലുടന്‍ ഇവ ലഭിക്കുമെന്നും പറഞ്ഞു. കള്ളക്കടത്ത് സാധനങ്ങളുമായി മസ്‌ക്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് വരുന്ന വിമാനത്തില്‍ 100 ലധികം പേര്‍ വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടുകയായിരുന്നു. കള്ളക്കടത്തു സംഘത്തിലെ ആള്‍ ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് എല്ലാ യാത്രക്കാരെയൂം പരിശോധന നടത്തിയത്.