ദുബായ്: ഉച്ചവിശ്രമ നിയമം ഇന്നലെ (വെള്ളി) സമാപിച്ചു. ജൂൺ 15 മുതൽ ഇന്നലെ വരെ മൂന്ന് മാസത്തേക്ക് ഉച്ചയ്ക്ക്12.30 മുതൽ മൂന്ന് വരെയായിരുന്നു തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. വർഷങ്ങളായി തുടരുന്ന ഈ നിയമം കെട്ടിട നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏറെ ഗുണകരമാണ്.
നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന എല്ലാത്തരം ജോലിയും ഒഴിവാക്കിക്കൊണ്ട് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തുടർച്ചയായ 12-ാം വർഷമായിരുന്നു ഉച്ചവിശ്രമം അനുവദിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പരുക്കുകൾ തടയുന്നതിന് യുഎഇ സ്വീകരിക്കുന്ന പൊതു സുരക്ഷയും ആരോഗ്യ നടപടികളും അടിസ്ഥാനമാക്കിയാണ് ഉത്തരവെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രി സഖർ ബിൻ ഗുബാഷ് സയീദ് ഗുബാഷ് നിയമം പ്രാബല്യത്തിൽ വന്ന ദിവസം പറഞ്ഞിരുന്നു.
ഇതനുസരിച്ച് ജോലി സമയം രാവിവിലെയും രാത്രിയുമായി 2 ഷിഫ്റ്റുകളായി വിഭജിക്കണമെന്നും നിർദേശിച്ചിരുന്നു. ദിവസവും 8 മണിക്കൂർ ആണ് ജോലി സമയം. തൊഴിലാളികൾക്ക് അധികസമയം(ഓവർടൈം) ജോലി ചെയ്യേണ്ടി വന്നാൽ നിയമങ്ങൾക്കനുസൃതമായി അവർക്ക് വേതനം നൽകണം.
അപകടകരമായ ആയുധങ്ങളും ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ ആരോഗ്യ കിറ്റുകളും നൽകാനും തൊഴിലുടമകളോട് നിര്‍ദേശിച്ചിരുന്നു. കൂടാതെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരാൾക്ക് 5,000 ദിർഹം വീതം പിഴയാണ് ശിക്ഷ. എന്നാൽ കൂടുതൽ തൊഴിലാളികൾ നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി 50,0000 ദിർഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്യും.
മധ്യാഹ്ന വിശ്രമ വേളയിലും തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന അസാധാരണ സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന നിർജലീകരണം തടയുന്നതിന് ഉപ്പ്, നാരങ്ങ തുടങ്ങിയവയും തണുത്ത വെള്ളവും മറ്റും തൊഴിലുടമകൾ നൽകണം, പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, സൺഷെയ്ഡ്, തണുത്ത വെള്ളം എന്നിവയും നൽകണമെന്ന നിബന്ധനയും മിക്ക കമ്പനികളും അനുസരിച്ചു.