ദുബായ്: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ട് സംഭവത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് വിമാന കമ്പനി.
കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാർജ-തിരുവനന്തപുരം വിമാനത്തിൽ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ മൃതദേഹം ദുബായിൽ നിന്ന് ഷാർജയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
ഇതോടെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂൾ ചെയ്ത അടുത്ത വിമാനം കുടുംബം തിരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ദുഃഖിതരായ കുടുംബത്തിന് ഹോട്ടൽ താമസം ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയർലൈൻ നൽകി’’- എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു
ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹമാണ് വിമാനം വൈകിയതോടെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ മാസം 13ന് രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും വൈകി.
മൃതദേഹം ഇന്നലെ വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലായിരുന്നു മൃതദേഹം.