അബുദാബി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ പകർച്ചപ്പനി വ്യാപകമായതിനാൽ പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന് ആരോഗ്യ വിദഗ്ധർ. കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു. വീട്ടിലും സ്കൂളിലും ഓഫിസിലും ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്കും പെട്ടെന്ന് പടരും. അതിനാൽ നേരത്തെ തന്നെ ഫ്ലൂ വാക്സീൻ എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയവ ബാധിച്ച കുട്ടികളെ സ്കൂളിൽ വിടരുത്. മറ്റു കുട്ടികളിലേക്കു രോഗം പകരുന്നത് ഇതുമൂലം ഒഴിവാക്കാം. യഥാസമയം ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കണം. സ്കൂളുകൾ, നഴ്സറികൾ തുടങ്ങി കുട്ടികൾ ഏറെ സമയം ഒരിടത്ത് തങ്ങുന്നിടത്ത് വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലായതിനാൽ സുഖപ്പെടും വരെ വീടുകളിൽ കഴിയണമെന്ന് ഡോ. ആദിൽ സജ്‍വാനി പറഞ്ഞു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച വ്യാപകമാക്കുമെന്നു ഓർമിപ്പിച്ചു.
ഫ്ലൂ, കൊറോണ, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ഭക്ഷ്യവിഷബാധ, വയറിളക്കം, ഗ്യാസ്ട്രോ എൻറ്റൈറ്റിസ്, ദഹനം, ചെവി–നേത്ര രോഗങ്ങൾ, മൂത്രനാളിയിലെ അണുബാധ എന്നിവ ഉണ്ടെങ്കിലും സ്കൂളിൽ വിടരുതെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുല്ല ഖൻബസ് ഓർമിപ്പിച്ചു.
പകർച്ചപ്പനി ലക്ഷണങ്ങൾ
ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലൂവൻസ. ചികിത്സിച്ചു മാറ്റാം. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഫ്ലൂ പെട്ടെന്നു പിടിപെടും.