സഊദിയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെപോലെയാണ് പരിഗണിക്കുന്നതെന്ന് കിരീടവകാശി

0
2815

ന്യൂഡൽഹി: സഊദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയെ കിരീടവകാശി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

സഊദി ജനസംഖ്യയുടെ 7 ശതമാനം ഇന്ത്യൻ വംശജരാണെന്നും അവരെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത സഊദി അറേബ്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങൾ അവരെ സഊദി അറേബ്യയുടെ ഭാഗമായി കണക്കാക്കുന്നു. ഞങ്ങളുടെ സ്വന്തം പൗരന്മാരെ പരിപാലിക്കുന്നതുപോലെ ഞങ്ങൾ അവരെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു-എം.ബി.എസ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ആദ്യ കൂടിക്കാഴ്ചയുടെ മിനിറ്റ്‌സിൽ ഒപ്പുവച്ചു. കൂടാതെ, ഐടി, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന രണ്ട് ഡസനിലധികം ധാരണാപത്രങ്ങൾ ഇന്ത്യൻ, സൗദി അറേബ്യൻ കമ്പനികൾ തമ്മിൽ ഒപ്പുവച്ചു.