സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും

0
1176

കലുഷിത സാഹചര്യങ്ങൾക്കിടെയാണ് ഇന്നത്തെ യോഗം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാരവാഹി യോഗം ഇന്ന് കോഴിക്കോട് ചേരും. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യും. സിപിഐഎമ്മിനെ കാലങ്ങൾക്ക് മുന്നേ മാറ്റിനിർത്തേണ്ടതാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിൽ നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

ഇത് സമസ്തയുടെ നിലപാടല്ലെന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഈ വിഷയം യോഗം ചർച്ച ചെയ്യും. മുസ്‌ലിം ലീഗും ആയുള്ള പ്രശ്നങ്ങൾ,സിഐസി വിവാദം തുടങ്ങിയവയും ചർച്ചയാകും. 11 മണിക്ക് ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞയാഴ്ച നടന്ന സുന്നി മഹല്ല് ഫെഡറേഷൻവിശദീകരണ സമ്മേളനം പ്രവർത്തകർക്കിടയിൽ കടുത്ത ആശങ്ക ഉടലെടുക്കാൻ ഇടയാക്കിയിരുന്നു. അന്ന് അവിടെ പ്രസംഗം നടത്തിയ സമസ്തയിലെ മുതിർന്ന പ്രാസംഗികരുടെ സമസ്ത സ്നേഹം കപടമാണെന്ന തരത്തിലാണ് സമസ്ത പ്രവർത്തകർക്കിടയിലെ വികാരങ്ങൾ. എസ് എം എഫ് സമ്മേളനത്തിൽ പൂക്കോട്ടൂർ നടത്തിയ നീക്കങ്ങളും പ്രസംഗവും കടുത്ത വിഭാഗീയത ഉണ്ടെന്ന തരത്തിലായിരുന്നു.

പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മൗന വൃതത്തിലായിരുന്നു ഈ നേതാക്കൾ എന്നും ഇപ്പോൾ മറു പക്ഷം ചേർന്ന് സമസ്ത സ്നേഹം പ്രകടിപ്പിക്കുക ആണ് ഇവരെന്നുമാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. ഇത് ശരി വെക്കുന്ന ഇവരുടെ ഇരട്ട നിലപാടുകൾ പ്രവർത്തകർ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നുണ്ട്.