ദില്ലി: ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബന്ധം ദൃഢമാക്കുന്ന ചർച്ചയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ദില്ലിയിൽ ജി 20 ഉച്ചകോടിക്ക് എത്തിയതാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടി നാളെ ദില്ലിയിൽ ആരംഭിക്കും. ഏതാണ്ട് എല്ലാ നേതാക്കളും ദില്ലിയിൽ എത്തിക്കഴിഞ്ഞു.
ജൂണിൽ വാഷിംഗ്ടണിലെ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് നന്നായി പുരോഗമിക്കുന്നുവെന്നും ചർച്ചയിൽ വിലയിരുത്തലുണ്ടായി. GE F – 414 ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി. യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
അമേരിക്കയിൽ നിന്ന് ഡ്രോണുകള്‍ വാങ്ങുന്ന കരാറും ചർച്ചയായി. ഇരു രാജ്യങ്ങളുടെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവും ചർച്ച ചെയ്തു. നയതന്ത്ര കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ചന്ദ്രയാൻ ആദിത്യ നേട്ടങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യയെ അഭിനന്ദിച്ചു. യു എൻ സുരക്ഷ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കൻ പിന്തുണ ബൈഡൻ ആവർത്തിച്ചു വ്യക്തമാക്കി.
അതേസമയം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സെപ്റ്റംബര്‍ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.