പുതപ്പ് കൊണ്ട് കണ്ണ് മറച്ച് നൊടിയിട കൊണ്ട് പോക്കറ്റടി; പക്ഷെ മുഴുവൻ പണവും തിരികെ നൽകി ആഫ്രിക്കൻ വംശജരായ പോക്കറ്റടിക്കാർ

0
3106

വിചിത്രമായ അനുഭവം പങ്കുവയ്ക്കുകയാണ്  റിയാദിലെ സാമൂഹിക പ്രവർത്തകനും കെഎംസിസി ഭാരവാഹിയുമായ പെരുന്തൽമണ്ണ സ്വദേശി സത്താർ താമരത്ത്

റിയാദ്: ബത്ഹയിലെ  തിരക്കേറിയ പാതയിൽ പോക്കറ്റടിക്ക് ഇരയായി പണം നഷ്ടപ്പെട്ടെങ്കിലും അത് തിരികെ ലഭിച്ച വിചിത്രമായ അനുഭവം പങ്കുവയ്ക്കുകയാണ്  റിയാദിലെ സാമൂഹിക പ്രവർത്തകനും കെഎംസിസി ഭാരവാഹിയുമായ പെരുന്തൽമണ്ണ സ്വദേശി സത്താർ താമരത്ത്. റിയാദിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രധാന കച്ചവട കേന്ദ്രമായ ബത്ഹയിൽ  ചിലപ്പോഴൊക്കെ  പോക്കറ്റടിക്കപ്പെട്ട് പണവും പഴ്സുമൊക്കെ മലയാളികൾക്ക്  നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. 

പണം തിരികെ കിട്ടാറില്ലെങ്കിലും അതെടുത്ത ശേഷം ഭാഗ്യമുണ്ടെങ്കിൽ ഉപേക്ഷിക്കപ്പെട്ട പഴ്സും ചിലപ്പോൾ ഇഖാമയടക്കമുള്ള വിലകൂടിയ രേഖകളും മാത്രമായി തിരികെ കിട്ടിയേക്കാം. ഇങ്ങനെ അപൂർവമായി രേഖകൾ തിരികെ കിട്ടാറുണ്ടെങ്കിലും തട്ടിയെടുത്ത പണം പിടിച്ചുപറിക്കാർ തന്നെ സത്താറിന് തിരികെ നൽകിയത് അപൂർവ സംഭവമാണ്. ഒന്നും രണ്ടും റിയാലല്ല, 3,150 റിയാൽ തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഇപ്പോഴിദ്ദേഹം.

സത്താർ താമരത്ത്

സത്താർ സംഭവം വിവരിക്കുന്നതിങ്ങനെ:

കഴിഞ്ഞ ദിവസം വൈകിട്ട് മഗ്‌രിബ്(സായന്തനം) പ്രാർഥന കഴിഞ്ഞ സമയം. ബത്ഹ ഗോൾഡ് സൂഖിന് എതിർവശം റോഡിന്റെ ഓരം ചേർന്ന് ഫോണിൽ സംസാരിച്ച് നടക്കുകയായിരുന്നു ഞാൻ. എതിർവശത്ത് നിന്ന് ചൂട് കാലാവസ്ഥയിലും പുതപ്പ് പുതച്ച്  വന്ന ഒരാളുടെ കാലിൽ തട്ടി തടഞ്ഞ് താഴേയ്ക്ക് വീഴാനാഞ്ഞ എന്നെ താഴെ വീഴാതെ അയാൾതന്നെ താങ്ങി, ചേർത്ത് പിടിച്ചു. അയാളുടെ വേഷത്തിലും പെരുമാറ്റത്തിലും എന്തൊക്കെയോ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ തിരിഞ്ഞു നോക്കുമ്പോൾ അയാളുടെ സമീപത്തു തന്നെയുള്ള മറ്റൊരാൾ നിന്നു പരുങ്ങുന്നുണ്ടായിരുന്നു. 

അയാൾ പണം എനിക്ക് തിരിച്ചു തന്നത് വളരെ പെട്ടെന്നായിരുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ ഒരു മായിക ലോകത്ത് എത്തപ്പെട്ട അനുഭവമായിരുന്നു എനിക്ക്. പണം വാങ്ങിയ പാടെ സ്വന്തം പോക്കറ്റിൽ തപ്പിയപ്പോഴാണ് അത് എന്‍റെ തന്നെ പണമാണ് എന്ന് ഞെട്ടലോടെ തിരിച്ചറിയുന്നത്. താഴെ വീഴാതെ  താങ്ങിപിടിച്ചവനെപ്പൊലെ പണം വെച്ചു നീട്ടിയവനും പുതപ്പ് ധാരിയായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ, അഞ്ച് ആറ് നിമിഷങ്ങളെ ഇതിന് വേണ്ടി വന്നുള്ളു.  തൊട്ടടുത്ത കടയിൽ കയറി കാശ് എണ്ണിനോക്കി, ഒരു റിയാൽ പോലും നഷ്ടപ്പെട്ടിട്ടില്ല. ഹൃദയമിടിപ്പോടെ മനസിലാക്കി അതിവിദഗ്ദരായ രണ്ട് ആഫ്രിക്കൻ വംശജരായ  പോക്കറ്റടിക്കാർ വളരെ സമർത്ഥമായി  നടത്തിയ ഓപറേഷനിലൂടെ തന്നെ പോക്കറ്റടിക്കുകയായിരുന്നുവെന്ന്.

ഗോൾഡ് സൂഖിലുള്ള ഒരു കടയിൽ ഒരാൾക്ക് കൊടുക്കുവാൻ ഏല്പിച്ച കാശ് കൊടുത്ത് ബാക്കി തുക പാന്റിന്റെ മുൻവശം വലത് പോക്കറ്റിൽ ഭദ്രമായി വച്ച് റോഡിന് കുറുകെ കടന്ന് പോവുകയായിരുന്ന തന്നെ അവർ പിന്തുടരുകയും മോഷണം നടത്തുകയുമായിരുന്നുവെന്ന് സത്താർ പറഞ്ഞു. അവരുടെ പദ്ധതി പ്രകാരം ബോധപൂർവം കാല് വച്ച് എന്നെ തടയുകയും നൊടിയിട കൊണ്ട് മറ്റൊരാൾ പുതപ്പ് കൊണ്ട്  തന്റെ കണ്ണ് മറച്ച് പോക്കറ്റിലുള്ള പണം അപഹരിക്കുകയുമായിരുന്നു. മുഴുവൻ പണവും കൈയ്യിലാക്കിയ അവൻ എന്തിനാണ് ആ കാശ് തിരിച്ച് തന്നതെന്ന് ഈ നിമിഷം വരെയും ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യം. 

തെരുവിൽ സാധാരണ ആളില്ലാത്ത വിജന ഇടങ്ങളിൽ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൈയ്യിലുള്ള പണവും ഫോണും കവരുന്ന വാർത്തകൾ നിരന്തരം കേൾക്കാറുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിലാണ് ഈ മോഷണം. ഒരേ സമയം അത്ഭുതവും ഭയവും പണം തിരികെ കിട്ടിയ അവിശ്വസനീയതയും ചേർന്നപ്പോഴുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല.  3,150 റിയാൽ കയ്യിൽ കിട്ടിയിട്ടും പ്രതിരോധിക്കുവാൻ കഴിയാതെ നിസ്സഹായനായി നിന്നിട്ടും പണം തിരികെ തന്നത് മോഷ്ടാവിൻ്റെ മഹാമനസ്കതയെന്നാണോ ആനുകൂല്യമെന്നോ എന്താണ് വിളിക്കേണ്ടതെന്ന് അറിയില്ല. എങ്കിലും എല്ലാവരും എപ്പോഴും  ജാഗ്രതയോടെ ഇരിക്കണമെന്നുമാണ് ഈ സംഭവത്തിൽ നിന്നുൾക്കൊണ്ട പാഠമെന്ന് സത്താർ പറയുന്നു