സ്വന്തം പാര്‍ക്കിന് അനുമതി നേടിയെടുത്തു; മറ്റൊരു പാര്‍ക്കിനെതിരെ പരാതിയുമായി പി.വി. അന്‍വര്‍

0
2409

സ്വന്തം പാര്‍ക്കിന് അനുമതി കിട്ടിയതിന് പിന്നാലെ സമീപ പ്രദേശത്ത് നിര്‍മാണത്തിലുള്ള മറ്റൊരു പാര്‍ക്കിനെതിരെ പരാതിയുമായി പി.വി. അന്‍വര്‍ എംഎല്‍എ. മലയോരമേഖലയില്‍ നിര്‍മിക്കുന്ന പാര്‍ക്കിന് മതിയായ അനുമതിയില്ലെന്നാണ് എംഎല്‍എയുടെ വാദം.

അനുമതി ലഭിച്ചതിന് പിന്നാലെ എംഎല്‍എ നേരിട്ടെത്തിയാണ് സ്വന്തം പാര്‍ക്കിന്‍റെ അറ്റകുറ്റപണികളെല്ലാം തീര്‍ത്ത് തുറന്നുകൊടുത്തത്. ഇതിനായി ദിവസങ്ങളോളം കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ ക്യാംപ് ചെയ്തു. പാര്‍ക്ക് തുറന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് തൊട്ടടുത്തുള്ള നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു പാര്‍ക്കിനെതിരെ പി.വി. അന്‍വര്‍ പരാതിയുമായി എത്തിയത്. ഏപ്രില്‍ 26ന് പി.വി. അന്‍വര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പകര്‍‍പ്പാണിത്. ഇതില്‍ പറയുന്നത് ഇങ്ങനെയാണ്.

മതിരമൂല– ചെട്ടിയാംപാറ പ്രദേശം മലയോര മേഖലയാണ്. ഇവിടെ പത്തേക്കറോളം സ്ഥലത്ത് പണിയുന്ന പാര്‍ക്കിന് അനുമതിയില്ല. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തിയ മേഖലയിലാണ് പുതിയ പാര്‍ക്കിന്‍റെ അനധികൃത നിര്‍മാണം. മലയിടിച്ചിലില്‍ 2018ല്‍ നാല് പേരുടെ മരണത്തിനിടയാക്കിയ സ്ഥലമാണിതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേ വര്‍ഷം ഉണ്ടായ മലയിടിച്ചിലിനെ തുടര്‍ന്നാണ് പി.വി. അന്‍വറിന്‍റെ പി.വി.ആര്‍ പാര്‍ക്ക് അടച്ചുപൂട്ടിയത്. തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ ആദ്യം നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളി. അതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും നല്‍കിയ അപേക്ഷയിലാണ് കുട്ടികളുടെ പാര്‍ക്കിന് മാത്രം അനുമതി നല്‍കിയത്.