സഊദി തലസ്ഥാനത്ത് രണ്ടാഴ്ച ലോക കരുത്തൻമാരുടെ പോരാട്ട ദിനങ്ങൾ

0
1385

റിയാദ്: സഊദി തലസ്ഥാനത്ത്  രണ്ടാഴ്ച ലോക കരുത്തൻമാരുടെ പോരാട്ട ദിനങ്ങൾ.  ലോക സീനീയർ ഭാരോദ്വഹന ചാംപ്യൻഷിപ്പ് റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിംപിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ തിങ്കളാഴ്ച ആരംഭിച്ചു.  

ലോക ചാംപ്യൻമാരെ കണ്ടെത്താനായി ഈ മാസം 17 വരെ നടക്കുന്ന മൽസരങ്ങളിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പുരുഷ, വനിത താരങ്ങളാണ് മാറ്റുരക്കുന്നത്. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസാണ്  വർണാഭമായ ചടങ്ങിൽ  ചാംപ്യൻഷിപ്പ്  ഉദ്ഘാടനം ചെയ്തത്. 

രാജ്യാന്തര വെയ്റ്റ്‌ ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ജലൂദ്,  ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന വിവിധ ദേശീയ ഫെഡറേഷൻ തലവൻമാരുടെയും  സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.  ദൃശ്യചാരുത നിറയുന്ന വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് വേദിയിൽ അരങ്ങേറി.

49 കിലോ വനിതാ വിഭാഗത്തിൽ  ഇറങ്ങുന്ന ഒളിംപിക് മെഡൽ ജേതാവ് മീരാഭായ് ചാനു നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 55 കിലോ വനിതാ വിഭാഗത്തിൽ കോമൺവെൽത്ത് മെഡൽ ജേതാവ്  ബിന്ദ്യാ റാണി ദേവി എന്നിവർ ഭാരമുയർത്തും.  73 കിലോ പുരുഷ വിഭാഗത്തിൽ കോമൺവെൽത്ത് മെഡൽ ജേതാവ്  അചിന്ത ഷെയുലി, ദേശീയ ചാംപ്യൻ അജിത് നാരായണ, 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ് സിങ്, 61 കിലോ വിഭാഗത്തിൽ  കോമൺവെൽത്ത് ജേതാവ് ശുഭം തനാജി തോഡ്കർ എന്നിവരടങ്ങുന്ന 6 പേരാണ്  കരുത്ത് തെളിയിക്കാൻ ഇറങ്ങുന്നത്.

ഈ ദിവസങ്ങളിൽ റിയാദിലെ മൽസര വേദിയിൽ 170-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ-വനിതാ ഭാരോദ്വഹകരാണ് ചാംപ്യൻഷിപ്പിൽ കരുത്ത് തെളിയിക്കാനിറങ്ങുന്നത്.  2024 ൽ നടക്കുന്ന പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടുന്നതിനായി  ഈ ചാംപ്യൻഷിപ്പിൽ നടത്തുന്ന പ്രകടനം  നിർബന്ധമാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ലോക സീനിയർ വെയ്റ്റ്ലിഫ്റ്റ് ചാംപ്യൻഷിപ്പ് റിയാദിൽ നടത്തുമെന്ന പ്രഖ്യാപനമുണ്ടായത്. 2021 ൽ ജിദ്ദയിൽ സംഘടിപ്പിച്ച ലോക യൂത്ത് വെയിറ്റ്ലിഫ്റ്റ് ചാംപ്യൻഷിപ്പ് വിജയകരമായി നടത്തിയതാണ് സീനിയർ ചാംപ്യൻഷിപ്പിനുളള വേദിയായും  സൗദി തിരഞ്ഞെടുക്കപ്പെടാൻ ഇടയാക്കിയത്.

സൗദിയുടെ മണ്ണിൽ  ഇതാദ്യമായി നടത്തുന്ന  ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പിനായി  എല്ലാ തയ്യാറെടുപ്പുകളും സംഘാടക സമിതി നേരത്തെ പൂർത്തിയാക്കിയിരുന്നു.  വീസ അനുവദിക്കുക, കായികതാരങ്ങടക്കം  പങ്കെടുക്കുന്ന ആളുകൾക്കായി  താമസ സൌകര്യത്തിനായി ഒൻപത് ഹോട്ടലുകൾ തിരഞ്ഞെടുത്ത് തയ്യാറാക്കൽ, ലോജിസ്റ്റിക് ക്രമീകരണങ്ങൾ ഒരുക്കൽ, മീഡിയ, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, സന്നദ്ധസേവന സംഘങ്ങളുടെ ക്രമീകരണം, ഭാരോദ്വഹന ഉപകരണങ്ങളിൽ വിദഗ്ധരായ രാജ്യാന്തര കമ്പനികളുമായി കരാറുകളുണ്ടാക്കൽ എന്നിവയോക്കെ മുന്നൊരുക്കങ്ങളായി തയ്യാറാക്കിയിരുന്നു.