ദൗത്യം വൻ വിജയം: സുൽത്താൻ അൽ നെയാദി സുരക്ഷിതമായി ഭൂമിയിലിറങ്ങി

0
3564

ദുബൈ: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദിയുടെ ഭൂമിയിലിറങ്ങി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ക്രൂ-6 ഉള്ള ഡ്രാഗൺ ക്യാപ്‌സ്യൂൾ ഇന്ന് ‌ രാവിലെ 8.17 നാണ് ഫ്‌ളോറിഡയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.

അൽ നെയാദിയെയും അദ്ദേഹത്തിന്റെ ക്രൂ-6 അംഗങ്ങളായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റോസ്‌കോസ്‌മോസ് , ആന്ദ്രേ ഫെഡ്യേവ് എന്നിവർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ വേഗം കുറഞ്ഞതിന് ശേഷം പാരച്യൂട്ടുകൾ വിന്യസിക്കുകയായിരുന്നു. നാല് പ്രധാന പാരച്യൂട്ടുകളുടെ സ്ഥിരമായ മാർഗനിർദേശത്തിന് കീഴിൽ, പേടകം സെക്കൻഡിൽ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്.

കഴിഞ്ഞദിവസം മടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര വൈകിപ്പിക്കുകയായിരുന്നു. ഫ്‌ളോറിഡ തീരത്ത് സ്പ്ലാഷ്ഡൗൺ സൈറ്റുകൾക്ക് സമീപമുള്ള പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി യുഎസ് ബഹിരാകാശ ഏജൻസി നാസയാണ് കാലതാമസം പ്രഖ്യാപിച്ചത്. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ഭൂമിയിലേക്കു 17 മണിക്കൂർ യാത്രയാണ് നടത്തിയത്.

ഞായറാഴ്ച രാവിലെ 8.58നായിരുന്നു സ്പ്ലാഷ്ഡൗൺ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. യുഎഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴിൽ എംബിആർഎസ്‌സി കൈകാര്യം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണ് യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം. യുഎഇയിലെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (‌‌ടി‍ഡിആർഎ) ഐസിടി ഫണ്ടാണ് സാമ്പത്തികസഹായം ചെയ്യുന്നത്.

ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് അൽ നെയാദി മടങ്ങുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ യുഎഇ വൻ ഒരുക്കം നടത്തിയിട്ടുണ്ട്. ഇതിനിടെ റോഡിലെ ഇലക്ട്രോണിക് ബോർഡുകളിലൊക്കെ രാജ്യത്തിന്‍റെ പുത്രന് സ്വാഗതമോതിക്കഴിഞ്ഞു.

17 മണിക്കൂര്‍ നീണ്ട യാത്രയാണ് അല്‍നിയാദിയും സംഘവും താണ്ടിയത്. മാര്‍ച്ച് രണ്ടിനാണ് ഈ ദൗത്യം ലോഞ്ച് ചെയ്തത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ലോഞ്ച് ചെയ്തത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം. അടുത്ത ദിവസം തന്നെ ഇത് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അല്‍ നിയാദി 186 ദിവസം പ്രദക്ഷിണം നടത്തിയിരുന്നു. ഒപ്പം സ്‌പേസ് വാക്കും ഏഴ് മണിക്കൂറോളം അദ്ദേഹം നടത്തിയിരുന്നു. സഊദി ബഹിരാകാശ സഞ്ചാരികളായ അലി അല്‍ ഖാര്‍നി, റയ്യാന ബര്‍ണാവി എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം ബഹിരാകാശത്ത് ചെലവിട്ട ആറ് മാസത്തില്‍ ഭൂമിയുടെ മനോഹരമായ ഒരു ചിത്രം ബഹിരാകാശത്ത് നിന്ന് അദ്ദേഹം അയച്ചിരുന്നു. തന്റെ നേട്ടങ്ങളും, വെല്ലുവിളികളും അല്‍ നിയാദി വിശദീകരിച്ചിരുന്നു. ദീര്‍ഘ കാല സ്‌പേസ് മിഷന്റെ ഭാഗമാകുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനാണ് അല്‍ നിയാദി. ഭൂമിയിലെത്തിയാലും ഉടന്‍ അല്‍ നിയാദിക്ക് വീട്ടിലേക്ക് പോകാനാവില്ല. നിരവധി മെഡിക്കല്‍ ടെസ്റ്റുകള്‍ അദ്ദേഹത്തിനായി നടത്തും. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കും. അദ്ദേഹത്തിന് അണുബാധയുണ്ടോ എന്നും നോക്കും. മിഷനെ കുറിച്ചുള്ള വിശദീകരണങ്ങളും അദ്ദേഹം നല്‍കണം. യുഎസ്സില്‍ വെച്ചായിരിക്കും ഇതെല്ലാമുണ്ടാവുക.

തുടര്‍ന്നാണ് യുഎഇയിലെ വീട്ടിലേക്ക് മടങ്ങാനാവുക. ബഹിരാകാശ യാത്രികരെ ഡ്രാഗണില്‍ നിന്ന് സ്‌ട്രെച്ചര്‍ മോഡലിലാണ് പുറത്തെത്തിക്കുക. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തുക. തുടര്‍ന്ന് ടെക്‌സസിലെ ഹൂസ്റ്റണിലേക്ക് ഇവരെ കൊണ്ടുപോകും. ഇവിടെ വെച്ച് സുഹൃത്തുക്കളെയും കുടുംബത്തെയും കാണാം. അല്‍ നിയാദി പക്ഷേ വീട്ടിലെത്താന്‍ വൈകും. ഇവരുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെയും ഇക്കാലയളവില്‍ പരിശോധിക്കും.