അൽ ഷബാബിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് അൽ നസർ. തുടക്കം മുതൽ അൽ ഷബാബ് പോസ്റ്റിലേക്ക് റോണോയും സംഘവും പന്ത് എത്തിച്ചു. ഒരുവേള അൽ ഷബാബിന്റെ പോസ്റ്റിന് പുറത്തായിരുന്നു മത്സരം പുരോഗമിച്ചത്. പന്തുമായി മുന്നേറാനോ അവസരങ്ങൾ സൃഷ്ടിക്കാനോ അൽ ഷബാബിന് കഴിഞ്ഞില്ല. ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും മികച്ച പ്രകടനം നടത്തി.
മത്സരം 13 പിന്നിട്ട് പിന്നിടുമ്പോൾ തന്നെ അൽ നസർ മുന്നിലെത്തി. ഷബാബ് താരം അൽ സാഗർ പന്ത് തടയാൻ നടത്തിയ ശ്രമം ഹാൻഡ് ബോൾ ആകുകയായിരുന്നു. റൊണാൾഡോ എടുത്ത പെനാൽറ്റി പോസ്റ്റിലേക്ക്. അൽ നസർ ഒരു ഗോളിന് മുന്നിൽ. അഞ്ച് മിനിറ്റിനുള്ളിൽ റൊണാൾഡോ വീണ്ടും വലചലിപ്പിച്ചു. പക്ഷേ അൽ ഷബാബ് താരത്തിനെ വീഴ്ത്തിയതിന് ഗോൾ നിഷേധിക്കപ്പെട്ടു. തുടർന്നും സ്വന്തം കോർട്ടിൽ നിന്ന് പന്ത് അകറ്റാൻ അൽ ഷബാബ് ഏറെ പ്രയാസപ്പെട്ടു.
മത്സരത്തിന്റെ 36-ാം മിനിറ്റാലായിരുന്നു രണ്ടാം ഗോൾ. ഇത്തവണ റൊണാൾഡോയെ വീഴ്ത്തിയതിന് അൽ നസറിന് പെനാൽറ്റി ലഭിക്കുകയായിരുന്നു. മത്സരത്തിൽ റൊണാൾഡോയ്ക്ക് രണ്ടാം ഗോൾ. തൊട്ടുപിന്നാലെ അൽ നസർ മൂന്നാം ഗോൾ നേടി. ഇത്തവണ സാദിയോ മാനെ ആയിരുന്നു സ്കോർ ചെയ്തത്. 40-ാം മിനിറ്റിലായിരുന്നു ഗോൾ പിറന്നത്.
62-ാം മിനിറ്റിൽ അൽ നസറിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു. എന്നാൽ ഇത്താവണ മോന്റേറിയോ ഒട്ടാവിയോ എടുത്ത കിക്ക് ഷബാബ് കീപ്പർ തടഞ്ഞിട്ടു. 67-ാം മിനിറ്റിൽ വീണ്ടും റൊണാൾഡോ വലചലിപ്പിച്ചു. പക്ഷേ ഇത്തവണയും ഓഫ്സൈഡ് നിയമം വിനയായി. 80-ാം മിനിറ്റിൽ സുൽത്താൻ അൽ ഗന്നം വലചലിപ്പിച്ചു. മത്സരത്തിൽ നാല് ഗോളുകൾക്ക് അൽ നസർ മുന്നിലായി. ഏകപക്ഷീയമായി അൽ നസറിന് ജയം.