ന്യൂഡൽഹി: പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പാചകവാതക വിലയിൽ കൂടുതൽ സബ്സിഡി നൽകാനുള്ള തീരുമാനം.
ഇതോടെ, നിലവിൽ 1110 രൂപയുള്ള
ഗാർഹിക ആവശ്യത്തിനുള്ള
പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ആളുകളുടെ, പ്രത്യേകിച്ചും നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.