പൊന്നാനി/മലപ്പുറം: സുഹൃത്തുക്കൾ സംസാരിക്കവേ എയർഗണിൽനിന്ന് വെടിയേറ്റു ഒരാൾ മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണിൽ നിന്ന് വെടിയേറ്റ് ഒരാൾ മരിച്ചത്. ആമയം സ്വദേശി ഷാഫി (42) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന 2 സുഹൃത്തുക്കൾ കടന്നുകളഞ്ഞു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

പെരുമ്പടപ്പ് ചെറവല്ലൂർ കടവിൽ സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ എയർഗണിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടത്തെ നെഞ്ചിനാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ ഷാഫി മരിച്ചിരുന്നു. മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.