‘എണീക്ക് അച്ഛമ്മേ എണീക്ക്, മോൻ വല്യതായാൽ എന്നെ നോക്കണമെന്ന് പറഞ്ഞതല്ലേ’; കണ്ണീർകാഴ്ചയായി തലപ്പുഴ

0
2849

തലപ്പുഴ: എന്നത്തെയുംപോലെ ഒരുമിച്ചിരുന്ന് അവർ ഒരു യാത്രകൂടി പോയി. മടക്കമില്ലാത്ത ഈ യാത്രയിൽ തിലോദകമായി നാടൊന്നാകെ കണ്ണീരണിഞ്ഞു. വയനാട് തലപ്പുഴയ്ക്കടുത്ത് കണ്ണോത്ത്മല കവലയിൽ ജീപ്പപകടത്തിൽ മരിച്ച ഒൻപത് സ്ത്രീകൾക്കും നിറകണ്ണുകളോടെ നിസ്സഹായരായി നാട് വിടചൊല്ലി… ആയിരങ്ങളുടെ സാന്നിധ്യത്തിൽ മക്കിമല ഗവ.എൽ.പി. സ്കൂളിൽ നടന്ന പൊതുദർശനത്തിന് ശേഷമായിരുന്നു ഓരോരുത്തരുടെയും മതവിശ്വാസപ്രകാരമുള്ള സംസ്കാരം.

തലപ്പുഴ മക്കിമല ആറാംനമ്പർ കോളനിയിലെ കൂളൻതൊടിയിൽ ലീല (60), ശോഭന (60), റാബിയ (55), ശാന്ത (61), കാർത്യായനി (65), ഷാജ (38), ചിത്ര (32), ചിന്നമ്മ (59) എന്നിവരെ മക്കിമലയിലും വരയാൽ കാപ്പാട്ടുമല സ്വദേശി റാണിയെ (58) കാപ്പാട്ടുമലയിലുമാണ് സംസ്കരിച്ചത്.

അടച്ചുറപ്പുള്ള വീടോ, സാമ്പത്തികസുരക്ഷിതത്വമോ ഇല്ലാത്ത തോട്ടംതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. സ്വകാര്യ എസ്റ്റേറ്റിൽ ദിവസക്കൂലിക്ക് ജോലിയെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്വന്തമെന്ന് പറയാൻ സ്നേഹബന്ധങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരുന്നവരെ ഒരുനോക്കുകാണാൻ ആയിരങ്ങളാണ് മക്കിമല ജി.എൽ.പി. സ്കൂളിലെത്തിയത്. ദൂരദിക്കുകളിൽനിന്നുപോലും ഒരുനോക്കുകാണാൻ ആളുകളെത്തി. കൊട്ടിയൂരിൽനിന്നും പേരാവൂരിൽനിന്നും ഇരിട്ടിയിൽനിന്നും വയനാടിന്റെ സർവദിക്കിൽനിന്നുമാണ് പലരും ഓടിയെത്തിയത്. മാനന്തവാടിമുതൽ മക്കിമല ജി.എൽ.പി. സ്കൂൾവരെ ജനം റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ് ആദരാഞ്ജലി അർപ്പിച്ചു.

കണ്ണോത്തുമല വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മക്കിമല ഗവ. എൽ.പി. സ്കൂളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കുന്നവർ

‘ആരെയും അറിയില്ല, എന്നാലും രാവിലെ പത്രംകണ്ടപ്പോൾ ഇരിക്കാനായില്ല’- അമ്പായത്തോട് നിന്നെത്തിയ കുര്യൻ പറഞ്ഞു. പാടിയിൽ ഒരുമിച്ചു കളിച്ചുവളർന്ന ശോഭനയാണ് മരിച്ചവരിൽ ഒരാളെന്നറിഞ്ഞ് കരയുകയായിരുന്നു പാത്തുമ്മ. ഒരുമണിയോടെ സൈറൺമുഴക്കി പത്ത് ആംബുലൻസുകൾ സ്കൂൾമുറ്റത്തേക്ക്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളായും നാട്ടുകാരായും പലകുറി കയറിയിറങ്ങിയ സ്കൂൾമുറ്റത്ത് ഒമ്പതുപേരും വീണ്ടും ഒന്നിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും മറ്റു ജനപ്രതിനിധികളും ആദരം അർപ്പിച്ചു. കരഞ്ഞും പൂക്കളർപ്പിച്ചും പേരുവിളിച്ചും പ്രാർഥിച്ചും കാത്തുനിന്ന ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. അടുത്തബന്ധുക്കൾ ആർത്തുകരഞ്ഞു, തളർന്നുവീണ ചിലരെ ആംബുലൻസിൽ ആശുപത്രികളിലെത്തിച്ചു. 2.30-ഓടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. ഓടിനടന്ന് വീടിനെ ചലപ്പിച്ച അമ്മമാർ അവസാനമായി തങ്ങളുടെ മുറ്റങ്ങളിൽ നിശ്ചലരായിക്കിടന്നു.

ചടങ്ങുകൾക്കുശേഷം സംസ്കാരത്തിനായുള്ള ഒരുക്കങ്ങളായി. ശാന്തയേയും മകൾ ചിത്രയേയും മക്കിമലയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ശോഭന, റാണി, കാർത്യായനി, ഷാജ, ലീല എന്നിവരെ വീട്ടുവളപ്പിൽ സംസ്കരിച്ചു. റാബിയയെ മക്കിമല ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ചിന്നമ്മയെ തൃശ്ശിലേരി ശാന്തികവാടത്തിലും.സന്ധ്യമയങ്ങുമ്പോൾ മക്കിമലയൊന്നാകെ മരണത്തിന്റെ തീവ്രദുഃഖത്തിലും പ്രാർഥനയിലുമായിരുന്നു.

കണ്ണോത്തുമല വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മക്കിമല ഗവ. എൽ.പി. സ്കൂളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കുന്നവർ

കണ്ണീരടക്കാനാവാതെ…

തലപ്പുഴ: കുഞ്ഞുമക്കളുടെ കളിചിരികളുയരുന്ന മക്കിമല ഗവ. എൽ.പി. സ്കൂൾ മൈതാനത്ത് ശനിയാഴ്ച ദുഃഖം തളംകെട്ടി നിൽക്കുകയായിരുന്നു. സ്കൂൾമുറ്റത്ത് വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിൽ ഒമ്പത് ഡെസ്‌കുകൾ വെള്ളത്തുണിവിരിച്ച് കാത്തുനിൽക്കുകയായിരുന്നു. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന സഹോദരിമാരെ അവസാനമായി ഒരുനോക്കുകാണാൻ നാടൊന്നാകെ ഒഴുകിയെത്തി. രാവിലെ ഏഴുമുതൽതന്നെ മക്കിമല സ്കൂളിലേക്ക് ആളുകളെത്തുന്നുണ്ടായിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യത്തെ പോലും വകവെക്കാതെ പ്രിയപ്പെട്ടവരെ കാണാനെത്തിയവർ ഒതുങ്ങിനിന്നു. വെയിലിൽ വാടിയും ദുഃഖത്താൽ തളർന്നും ചിലർ ക്ഷീണിതരായിവീണു.

ഒരുമണിയോടെ വരിവരിയായി ആംബുലൻസ് സ്കൂൾമുറ്റത്തേക്കെത്തി. ആദ്യം ആംബുലൻസിൽനിന്നിറക്കിയത് ശാന്തയുടെ മൃതദേഹമാണ്. തുടർന്ന് ചിത്ര, ശോഭന, ലീല, ഷാജ, കാർത്യായനി, റാബിയ, റാണി, ചിന്നമ്മ എന്നിവരുടെയും മൃതദേഹങ്ങൾ നിരനിരയായി കിടത്തി. രാവിലെമുതൽ കാത്തുനിന്ന് അക്ഷമരായവരുടെ തിക്കും തിരക്കുമായിരുന്നു പിന്നീട്. ഇവരെ നിയന്ത്രിക്കാൻ വൊളന്റിയർമാർ പാടുപെട്ടു. മൈക്കിലൂടെ അനൗൺസ്‌മെന്റ് നൽകിയും മറ്റുമാണ് തിരക്ക് നിയന്ത്രിച്ചത്. കുഴഞ്ഞുവീണ പലരെയും ആംബുലൻസിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. മൂന്നുപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴും സമീപത്ത് ഡോക്ടർമാർ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ. ശശീന്ദ്രനാണ് ആദ്യം അന്തിമോപചാരമർപ്പിച്ചത്.

മൃതദേഹങ്ങൾ മക്കിമല ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
രണ്ടരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. റാണിയുടെ മൃതദേഹമാണ് ആദ്യം അവരുടെ വീടായ കാപ്പാട്ടുമലയിലേക്ക് കൊണ്ടുപോയത്.

സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം. എൻ.ഐ. ഷാജു, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊതുദർശന ചടങ്ങുകൾ നടത്തിയത്. ജില്ലയിലെ വിവിധഭാഗങ്ങളിൽനിന്നായി മുതിർന്ന പോലീസ് ഓഫീസർമാർ ഉൾപ്പെടെ തൊണ്ണൂറോളം പോലീസ് ഓഫീസർമാരെയാണ് മക്കിമലയിലും സമീപപ്രദേശങ്ങളിലും ജോലിക്കായി വിന്യസിച്ചത്. കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ് വെള്ളിയാഴ്ചതന്നെ ജില്ലയിലെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവി പദംസിങ്, മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.യു. ബാലകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മക്കിമല ഗവ. എൽ.പി. സ്കൂളിൽനിന്ന് മുന്നൂറുമീറ്റർ മാറിയുള്ള മക്കിമല-തവിഞ്ഞാൽ 44-ാംമൈൽ റോഡിലെ കുരിശുപള്ളിക്ക് സമീപം വാഹനം തടഞ്ഞാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്.

സി.പി.എം. ജില്ലാസെക്രട്ടറി പി. ഗഗാറിൻ, സി.പി.ഐ. ജില്ലാസെക്രട്ടറി ഇ.ജെ. ബാബു, ബി.ജെ.പി. ജില്ലാ അധ്യക്ഷൻ കെ.പി. മധു, ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് എച്ച്.എം.എസ്. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.

കണ്ണോത്തുമല വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മക്കിമല ഗവ. എൽ.പി. സ്കൂളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കുന്നവർ

തലപ്പുഴ: ‘‘അമുലൂന്ന് നീട്ടിവിളിച്ച് അമ്മ കൊഞ്ചിക്കും. എനിക്ക് ഏറ്റവും ഇഷ്ടം അമ്മയെയാ… അച്ഛൻ മാനന്തവാടിയിൽ പണിക്കുപോവില്ലേ, എപ്പോഴും അമ്മയല്ലേ ഒപ്പം…’ സ്‌കൂൾവിട്ടെത്തി അമ്മയെ കാത്തുകാത്തുനിന്നതു പറഞ്ഞാണ് അഞ്ചാംക്ലാസുകാരൻ അമൽ വർത്തമാനം തുടങ്ങിയത്. കടുംചുവപ്പുനിറമുള്ള കുപ്പായമിട്ട്, പച്ചനിറമുള്ള കസേരയിൽ വെയിലത്ത് അമ്മയെ കാത്തിരിക്കുകയായിരുന്നു അമൽ. ഏറെ താമസിയാതെ അമലിന്റെ വീടിനുമുന്നിലേക്ക് രണ്ട്‌ ആംബുലൻസുകൾ വന്നുനിന്നു. അമ്മ ചിത്രയും അമ്മയുടെ അമ്മ ശാന്തയും ഒരുമിച്ച് വെള്ളപുതച്ച് വീട്ടുമുറ്റത്ത് കിടന്നു. ആ കാഴ്ച കാണാനാവാതെ അമൽ ബന്ധുക്കളിലൊരാളെ ചുറ്റിപ്പിടിച്ച്‌ മുഖംതിരിച്ചു. രണ്ടുമരണങ്ങളുടെ ആഘാതത്തിൽ ആകെ തളർന്നുപോയിരുന്നു ആ വീട്. ശാന്തയുടെ ഭർത്താവ് പത്മനാഭൻ മകളുടെയും ഭാര്യയുടെയും മുഖം കൈകളിലെടുത്ത് എന്റെ മോളേയെന്ന് നിലവിളിച്ചു. തളർന്നുവീഴുമെന്നാകുമ്പോൾ ബന്ധുക്കൾ ആരെങ്കിലും മാറ്റും, വീണ്ടും മകൾക്കും ഭാര്യയ്ക്കും മുമ്പിലെത്തും, കരയും. ചിത്രയുടെ ഭർത്താവ് കാർത്തികേയൻ ഭാര്യയുടെ മുഖംനോക്കി ഒന്നുകരയാൻപോലുമാകാതെ അടുത്തിരുന്നു. ചിത്രയുടെ മൂത്തമകൻ ആറാംക്ലാസുകാരൻ രാഹുൽ ഒന്നേ അടുത്തുവന്നുള്ളൂ. കരഞ്ഞുതളർന്നു കുഞ്ഞ്. അമ്മയുടെയും സഹോദരിയുടെയും മരണം ശിവനെയും രവിചന്ദ്രനെയും ആകെയുലച്ചു.

പഴക്കംകൊണ്ടു തകർന്ന പഴയ കട്ടവീട് പൊളിച്ചുമാറ്റിയപ്പോൾ പണിത ഷെഡിലായിരുന്നു കുടുംബമൊന്നാകെ താമസം. കട്ടകൊണ്ട് പണിത വീടിന്റെ പഴയതറയുടെ അവശിഷ്ടങ്ങൾക്കു മീതെയായിരുന്നു മരണാനന്തരച്ചടങ്ങുകൾ. ഭർത്താവ് കാർത്തികേയന് ദൂരെ ജോലിയുള്ള ദിവസങ്ങളിലും ചിത്രയും അമ്മയ്ക്കും അച്ഛനുമൊപ്പമായിരുന്നു താമസം. സഹോദരങ്ങളടക്കം എല്ലാവരും ജോലിക്കുപോയിട്ടും വീടുപോലുമായില്ലെന്ന് വിഷമത്തിലാണ് ചിത്രയും അമ്മയ്ക്കൊപ്പം പണിക്കുപോയത്തുടങ്ങിയത്. ശാന്ത തേയിലതോട്ടത്തിൽനിന്ന് വിരമിച്ചശേഷം ഇരുവരും പുറത്ത് ദിവസക്കൂലിക്ക് ജോലിചെയ്യുകയായിരുന്നു.

അപകടത്തിൽ തകർന്ന ജീപ്പ് പുറത്തേക്കെടുത്തപ്പോൾ

‘എണീക്ക് അച്ഛമ്മേ… എണീക്ക്… ’

തലപ്പുഴ: കൊടിയില(വാഴയില) വിരിച്ച വീട്ടുമുറ്റത്തേക്ക് നമ്പർ 10, ചിന്നമ്മ എന്നെഴുതിയ സ്റ്റിക്കർപതിച്ച ആംബുലൻസ് എത്തുമ്പോൾ സമയം 2.50. ദർഭയും പുഷ്പങ്ങളും വിതറിയ ഇലയ്ക്ക് ഇരുവശങ്ങളിലുമായി ഒറ്റത്തേങ്ങമുറിയിൽ തിരി നിറഞ്ഞുകത്തുന്നു. സമീപത്തായി രണ്ടുതിരിയിട്ട രണ്ട് നിലവിളക്കും നാലുതിരിയിട്ട ഒരുവിളക്കും. ‘‘അച്ഛമ്മേ..’’ എന്നുള്ള കൂട്ടക്കരച്ചിലോടെയാണ് ചേതനയറ്റ ചിന്നമ്മയെ വീട് സ്വീകരിച്ചത്.

വീടിന്റെ നടുമുറിയിൽ ചിന്നമ്മയെ കിടത്തിയപ്പോൾ ഉറ്റവരും അയൽവാസികളും അലറിക്കരഞ്ഞു. കരച്ചിൽ അമർത്തിപ്പിടിച്ചുനിന്നവർപോലും പൊട്ടിപ്പോയി. വീട്ടിലേക്കുകയറുമ്പോൾ ആദ്യമെത്തുന്ന ഇടുങ്ങിയ മുറിയിലെ കട്ടിലിൽ തളർന്നിരിപ്പാണ് ഭർത്താവ് ചന്ദ്രൻ. മൃതദേഹത്തിനടുത്തേക്ക് അദ്ദേഹത്തെ ഉറ്റവർ താങ്ങിപ്പിടിച്ചുകൊണ്ടെത്തിച്ചപ്പോൾ അടക്കിവെച്ച തേങ്ങലുകൾ അണപൊട്ടിയൊഴുകി. വീട്ടിലുണ്ടായിരുന്ന കുഞ്ഞുമക്കളെല്ലാം അലമുറയിട്ടു. കണ്ടുനിന്നവർക്ക് കരയാനല്ലാതെ ഇവരെ ആശ്വസിപ്പിക്കാൻപോലുമായില്ല. ചിന്നമ്മയുടെ മകനായ സന്തോഷ് കുമാറിന്റെ മകൻ അഞ്ചാംക്ലാസുകാരൻ സ്വാതിഷ് എന്ന അബിയാണ് എല്ലാവരിലും നൊമ്പരമുണർത്തിയത്. ‘‘അച്ഛമ്മേ… എണീക്ക് അച്ഛമ്മേ… എന്തിനാ പണിക്കുപോയത്, ഞാൻ ഇന്നലെ പറഞ്ഞതല്ലേ പണിക്കുപോകണ്ടാ, എന്റെകൂടെ സ്കൂളിൽ വാ എന്ന്… മോൻ വല്യതായാൽ എന്നെ നോക്കണമെന്ന് പറഞ്ഞതല്ലേ… ഇനി ഞാൻ എന്റെ അച്ഛമ്മയ്ക്ക് എങ്ങനെയാ ജ്യൂസ് അടിച്ചുതരിക. ഞാൻ ഇനി ആരുടെ കൂടെയാ കിടക്കുക അച്ഛമ്മേ…’’ സ്വാതിഷിന്റെ കരച്ചിൽ കൂടിനിന്നവരിലെല്ലാം വിഷാദംപടർത്തി.

മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി എടുത്തപ്പോഴും ഉറ്റബന്ധുവിന്റെ മടിയിലിരുന്നു നിർത്താതെ കരയുകയായിരുന്നു അബി. കരഞ്ഞുപ്രാർഥിച്ചാൽ അച്ഛമ്മയ്ക്ക് മോക്ഷംകിട്ടില്ലെന്ന് പറഞ്ഞ് ശേഷക്രിയയ്ക്ക് നേതൃത്വംനൽകിയ ആൾ വിളിച്ചപ്പോഴാണ് അബിയുടെ കരച്ചിലടങ്ങിയത്. സന്തോഷ് കുമാറും മകൾ ശാന്തിയുമാണ് ശേഷക്രിയകൾ ചെയ്തത്.

‘‘സങ്കടം പറയാൻ ഇനി എനിക്കാരുണ്ടമ്മേ… മൂക്കിലെ പഞ്ഞിയൊക്കെ എടുത്തുകളഞ്ഞ് പെട്ടിയിൽനിന്ന് എഴുന്നേറ്റു വാ അമ്മേ…’’ -ചിന്നമ്മയുടെ മകൾ ശാന്തി പിച്ചും പേയും പറഞ്ഞുകൊണ്ടേയിരുന്നു. മുളങ്കാലുകൾക്ക് മേൽ ടാർപ്പോളീൻ ഷീറ്റ് വലിച്ചുകെട്ടിയ മുറ്റത്തായിരുന്നു സംസ്കാരത്തിനുമുമ്പുള്ള ചടങ്ങുകൾ. തിരുനെല്ലി പഞ്ചായത്തിന്റെ തൃശ്ശിലേരി ശാന്തികവാടം ശ്മശാനത്തിലാണ് ചിന്നമ്മയുടെ മൃതദേഹം സംസ്കരിച്ചത്.

സങ്കടം സഹിക്കാനാകാതെ തളർന്നിരിക്കുന്ന
സുന്ദരിയക്കയെ ആശ്വസിപ്പിക്കുന്നു
‘ഞങ്ങൾ 15-പേരായിരുന്നു കൂട്ട്; ഞാനും കാവേരിയും രക്ഷപ്പെട്ടതാ’

തലപ്പുഴ: മൃതദേഹം പൊതുദർശനത്തിനുവെച്ച മക്കിമല ഗവ. എൽ.പി. സ്കൂൾ മൈതാനത്തിന്റെ ഓരത്ത് നിറഞ്ഞുകലങ്ങിയ കണ്ണുകളുമായി തളർന്നിരിക്കുകയായിരുന്നു സുന്ദരിയക്ക. വർഷങ്ങളായി ഒന്നിച്ച് ജോലിക്ക് പോയിരുന്ന പ്രിയപ്പെട്ടവർ ഒൻപതും മരിച്ചതറിഞ്ഞതുമുതൽ വിറങ്ങലിച്ച് നിൽക്കുകയാണവർ. ‘ഞാനും കാവേരിയും രക്ഷപ്പെട്ടതാ… ഞങ്ങൾ 14 പേരും മണിയുടെ വാഹനത്തിലായിരുന്നു ജോലിക്ക് പോയിരുന്നതും തിരികെവന്നിരുന്നതും. എനിക്ക് ഇരിട്ടിയിൽ ഒരു വീട്ടുജോലി ശരിയായതിനാൽ കുറച്ചുകാലമായി തേയിലനുള്ളാൻ പോകാറുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഞാനും ഇവരോടൊപ്പമുണ്ടായേനെ…കാവേരി ചികിത്സയ്ക്കായി തമിഴ്‌നാട്ടിൽ പോയതു കൊണ്ടാണ് സംഘത്തിൽ ഇല്ലാതിരുന്നത്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്’…സുന്ദരിയക്കയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. തൊഴിലാളികൾ 14 പേരുണ്ടാവുന്നസമയത്ത് രണ്ട് ട്രിപ്പായാണ് ജീപ്പ് ഓടാറുണ്ടായിരുന്നതെന്ന് സുന്ദരിയക്ക പറഞ്ഞു.

അപകടകാരണം കണ്ടെത്താൻ ശാസ്ത്രീയപരിശോധന

മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ കണ്ണോത്തുമലയിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ജീപ്പപകടത്തിന്റെ കാരണം അന്വേഷിക്കുന്നു. കണ്ണൂർ ഫൊറൻസിക് സയൻസ് ലാബിലെ ഫിസിക്സ് വിഭാഗം വിദഗ്ധർ വിശദപരിശോധന നടത്തും. വാഹനത്തിന്റെ ബ്രേക്കിന്റെ ഓയിൽ പൈപ്പ് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനു മുൻപാണോ ശേഷമാണോ ഇതു സംഭവിച്ചതെന്ന് കണ്ടെത്തണം.

അപകടകാരണം ജീപ്പിന്റെ സാങ്കേതികത്തകരാറാണോ എന്നുറപ്പിക്കാൻ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ കഴിയുകയുള്ളൂ. ചില ഡ്രൈവർമാർ ഇന്ധനം ലാഭിക്കാൻ വാഹനം ന്യൂട്രലിലാക്കാറുണ്ട്. അങ്ങനെ ചെയ്തിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്.

അപകടം നടന്ന സ്ഥലത്ത് ശനിയാഴ്ച ജില്ലയിലെ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. അശ്രദ്ധമായി വാഹനമോടിച്ചെന്ന നിഗമനത്തിൽ ജീപ്പ്‌ ഡ്രൈവറുടെപേരിൽ തലപ്പുഴ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ തലപ്പുഴ ഇൻസ്പെക്ടർ അരുൺഷായാണ് കേസന്വേഷിക്കുന്നത്. പോലീസിനുപുറമേ മോട്ടോർവാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

കൊടുംവളവുകളും കുത്തനെ ഇറക്കങ്ങളുമുള്ള അപകടാവസ്ഥയിലുള്ള റോഡാണ്. റോഡിന്‌ സംരക്ഷണഭിത്തിയില്ലാത്തത് ദുരന്തത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ട്. നേരത്തേയുള്ള സംരക്ഷണഭിത്തി റോഡ് നവീകരിച്ചപ്പോൾ ഒഴിവാക്കിയെങ്കിലും പുനർനിർമിച്ചില്ല. അതുകൊണ്ട് അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പോലീസ് റിപ്പോർട്ട് നൽകും.

14 യാത്രക്കാരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ പിറകിലിരുന്നവരാണ് മരിച്ചത്. ജീപ്പ് 25 അടി താഴ്ചയിേലക്കു പതിക്കുമ്പോൾ തെറിച്ചുവീണ യാത്രക്കാരാണ് അതിഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലുള്ളത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിയപ്പോൾത്തന്നെ ഒൻപതുപേരും മരിച്ചിരുന്നു.

ദുരന്തകാരണം വിശദമായി അന്വേഷിക്കും -എ.കെ. ശശീന്ദ്രൻ

കണ്ണോത്തുമല ദുരന്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റോഡിന്റെ നിർമിതിയും പരിശോധിക്കും. ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. റോഡിന്റെ അപാകങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടനടി പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകും. സുരക്ഷ വർധിപ്പിക്കാൻ ക്രാഷ് ഗാർഡ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.