കാസര്‍കോട്: വീടിന് സമീപം സ്‌കൂള്‍ ബസില്‍ വന്നിറിങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ വാഹനം കയറി മരിച്ചു. പെരിയടുക്കം മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ (നാല്) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസ് തിരിച്ചുപോകുന്നതിനായി പിന്നോട്ടെടുക്കുന്നതിനിടെ കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു.
പരിസരവാസികളായ സ്ത്രീകളാണ് കുട്ടി അപകടത്തില്‍പ്പെടുന്നത് ആദ്യം കണ്ടത്. സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട് പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു മരിച്ച ആയിഷ സോയ. സ്‌കൂൾ അധികൃതർ മതിയായ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.