അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചു; ജിദ്ദയിൽ നിന്നെത്തിയ യുവതി പിടിയിൽ

0
4132

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസ് പിടിയിൽ. ജിദ്ദയിൽനിന്ന് എത്തിയ വെള്ളയ്യൂർ സ്വദേശിനി ഷംല അബ്ദുൽ കരീം (34) ആണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. അടിവസ്ത്രത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മിശ്രിത രൂപത്തിലുള്ള സ്വർണമാണ് കണ്ടെത്തിയത്.

1112 ഗ്രാം സ്വർണമിശ്രിതമാണ് പികൂടിയത്. അതിൽനിന്ന് 973.880 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 60 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റംസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കവെ മുൻപും യുവതികൾ പിടിയിലായിട്ടുണ്ട്. സ്വർണക്കടത്തിന് തടയിടാൻ വിമാനത്താവളത്തിന് അകത്ത് കസ്റ്റംസും പുറത്തു പോലീസും വ്യാപക പരിശോധനയാണ് നടത്തുന്നത്. അടുത്തകാലത്ത് മാത്രം കോടികളുടെ സ്വർണം പിടികൂടിയിരുന്നു. പുരുഷന്മാർ വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടു തുടങ്ങിയതോടെയാണ് കടത്തിനു നേതൃത്വം നൽകുന്നവർ സ്ത്രീകളെ ഉപയോഗിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.