റിയാദ്: സഊദിയിൽ വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതുക്കിയ നിയമാവലി പുറത്ത് വിട്ടു. യാത്രക്കാർക്ക് ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി അംഗീകാരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പുതിയ നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽവരും.
ബാഗേജുകൾ കേടാവുകയോ ബാഗേജ് ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത നഷ്ടപരിഹാരം ലഭിക്കും. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്ന നിലയിലാണ് നിയമാവലി. ആറു മണിക്കൂറിലേറെ വിമാനം വൈകിയാൽ 750 റിയാലും നഷ്ടപരിഹാരം ലഭിക്കും.
സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരിചരണവും പിന്തുണയും നഷ്ടപരിഹാരവും ഉറപ്പുവരുത്തുന്ന 30 വകുപ്പുകളാണ് നിയമാവലിയിലുള്ളത്. ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാർക്ക് പുതിയ നിയമാവലി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു.
യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ബാധ്യതകളും നിയമാവലി വ്യക്തമാക്കുന്നതോടൊപ്പം വികലാംഗ യാത്രക്കാരുടെ അവകാശങ്ങളും പ്രത്യേക ആവശ്യകതകളും നിയമാവലി കൈകാര്യം ചെയ്യുന്നു. ഹജ്, ഉംറ സർവീസുകൾ പോലെ ചാർട്ടർ ഫ്‌ളൈറ്റുകളിലെ യാത്രക്കാരുടെ അവകാശങ്ങളും നിയമാവലി ഉറപ്പുവരുത്തുന്നുണ്ട്. വിമാന സർവീസുകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് യാത്രക്കാരെ സംരക്ഷിച്ചും കൂടുതൽ മെച്ചപ്പെട്ട ഓപ്ഷനുകൾ അവർക്ക് നൽകിയും സഊദിയിൽ വിമാന യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ താൽപര്യം പുതിയ നിയമാവലി പ്രതിഫലിപ്പിക്കുന്നതായി അതോറിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽദഹ്മശ് പറഞ്ഞു.
2030 ഓടെ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി സഊദി അറേബ്യയെ മാറ്റാനും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയർത്താനും പ്രതിവർഷ എയർ കാർഗോ ശേഷി 45 ലക്ഷം ടൺ ആയി ഉയർത്താനും സഊദി വിമാനത്താളങ്ങളിൽ നിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയർത്താനും ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.