നിഗൂഢ’ വില്ലയിൽ കുടുങ്ങി നൂറോളം യുവതികൾ; വെളിപ്പെടുത്തലുമായി രക്ഷപ്പെട്ട മലയാളി യുവതി

0
3526

റാസൽഖൈമയിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസും സാമൂഹിക പ്രവര്‍ത്തകരും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. ലാബ് ടെക്നീഷ്യയായി വർഷങ്ങളോളം പ്രവൃത്തി പരിചയമുള്ള യുവതിയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വലയിൽ കുട‌ുങ്ങി പ്രതിസന്ധിയിലായത്.

ഈ മാസം 13നായിരുന്നു യുവതി യുഎഇയിലെത്തിയത്. വിദേശത്ത് ജോലിക്ക് വേണ്ടി നേരത്തെ പരിചയപ്പെട്ട, ഇന്ത്യയിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന വ്യാജ ഏജൻസിയുടെ കണ്ണിയായ തൃശൂർ സ്വദേശിയാണ് തന്നെ ചതിച്ചതെന്ന് യുവതി പറഞ്ഞു.

തന്റെ സുഹൃത്തിന്റെ സഹായത്തോടെ യുഎഇയില്‍ നഴ്സിങ് അസിസ്റ്റന്‍റായി നല്ലൊരു ജോലി ശരിയായിട്ടുണ്ടെന്നും ഇവിടെയെത്തിയതിന്റെ പിറ്റേദിവസം തന്നെ ജോലി തുടങ്ങാമെന്നും പറഞ്ഞ് യുവതിയെ അയാൾ പ്രലോഭിപ്പിക്കുകയായിരുന്നു. വിമാന ടിക്കറ്റിന്റെ പണം 8,000 രൂപയാണ് ഇതിനായി നൽകിയത്. വീസ, താമസ സൗകര്യം, മികച്ച ശമ്പളം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ദുബായിലെത്തിയ യുവതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽപ്പോലും ആരുമെത്തിയില്ല. 

ഇവി‌ടത്തെ സുഹൃത്താണെന്ന് പറഞ്ഞിരുന്നയാളെ വിളിച്ചപ്പോൾ ബസിൽ കയറി ഷാർജ റോളയിലെത്താനായിരുന്നു ആവശ്യപ്പെട്ടത്. യുവതി അതുപോലെ ചെയ്തു റോളയിലെത്തുകയും ഏജൻസി ഏർപ്പെടുത്തിയ ഒരു കുടുസ്സുമുറിയിൽ തങ്ങുകയും ചെയ്തു. ജമാൽ, ദീപക് എന്നീ ചെറുപ്പക്കാര്‍ അവരെ പിറ്റേദിവസം ഒരു മാളിൽ പ്രവർത്തിക്കുന്ന ഏജൻസി ഓഫീസിലേയ്ക്ക് കൊണ്ടുപോയി. ഇതിനിടെ ആരും കാണാത്ത സ്ഥലത്ത് വച്ച് യുവതിയുടെ പാസ്പോർട്ടും ഇവർ കൈക്കലാക്കി. മധ്യവയസ്കയായ ഒരു സ്ത്രീയായിരുന്നു മാളിലെ ഏജൻസി ഓഫീസില്‍ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

നഷ്ടപ്പെട്ടുപോകാതിരിക്കാൻ പാസ്പോർട്ട് അവരെ ഏൽപ്പിക്കുന്നു എന്നാണ് ജമാലും ദീപക്കും യുവതിയോട് പറഞ്ഞത്. തുടർന്ന്, ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കുറച്ച് ദിവസം പരിശീലനത്തിൽ പങ്കെടുക്കണമെന്നും ഇതിനായി റാസൽഖൈമയിലേയ്ക്ക് പോകുകയാണെന്നും പറഞ്ഞു. എന്നാൽ, പന്തികേട് തോന്നിയ യുവതി ഇതിന് തയാറായില്ല. തനിക്ക് തിരിച്ചുപോകണമെന്ന് വാശി പിടിച്ചപ്പോൾ ഭീഷണിപ്പെടുത്തി ആദ്യം ദുബായ് ഡ്രാഗൺ മാർട്ടിലെ ഒരു ഓഫീസിലേയ്ക്കു കൊണ്ടുപോയി. സ്പോൺസറുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പറഞ്ഞത്. ഹൗസ് മെയ്ഡിന്റെ ജോലി ശരിയായിട്ടുണ്ടെന്ന് അവിടെ വച്ച് അറിയിച്ചു. പിന്നീട് റാസൽഖൈമയിലെ വില്ലയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. 

വൻതോതിൽ സുരക്ഷ ഏർപ്പെടുത്തിയതാണ് യുവതിയെ പാർപ്പിച്ച റാസൽഖൈമയിലെ വില്ല. ഗേറ്റിലും പരിസരപ്രദേശത്തുമായി കുറേ പേർ എല്ലാ സമയവും വില്ലയിലേയ്ക്ക് പുറത്ത് നിന്ന് ആരെങ്കിലും കയറിച്ചെല്ലുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കും. ആരെങ്കിലും വന്നാൽ അത് സ്വന്തം ആളുകളാണെന്ന് സിസിടിവിയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ ഗേറ്റ് തുറക്കൂ. ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തൊനീഷ്യക്കാരായ നൂറോളം യുവതികളെയാണ് അവിടെ പാർപ്പിച്ചിരിക്കുന്നത്. ഇവരെ ഓരോരുത്തരെയായി അറബ് വീടുകളിലും മറ്റും ജോലിക്ക് നിർത്തുന്നു.

ഇതിന് ഔദ്യോഗിക ഏജൻസി വീട്ടുടമയിൽ നിന്ന് ഈടാക്കാറുള്ള 12,500 ദിർഹം ഇവരും കൈക്കലാക്കുന്നു. അറബ് വീട്ടിൽ കഠിനമായ ജോലി കാരണം പ്രയാസത്തിലാകുന്ന യുവതികളെ തട്ടിപ്പുകാർ തന്നെ പുറത്ത് ‘ചാടിപ്പിക്കുക’യും മറ്റു സ്ഥലങ്ങളിൽ ഇതുപോലെ ജോലിക്ക് നിർത്തുകയും ചെയ്യുന്നു. അങ്ങനെ ഏജൻസിക്ക് വീണ്ടും 12,500 ദിർഹം ലഭിക്കുന്നു. ​ഈ പരിപാടി തുടർന്നുകൊണ്ടേയിരിക്കും.

സന്ദർശക വീസയുടെ കാശ് അല്ലാതെ അവർക്ക് വേറൊന്നും നഷ്ടപ്പെടാതെ വൻ തുകയാണ് ഒരു യുവതി വഴി ലഭിക്കുന്നത്. ഇതൊരു തരം തന്ത്രപരമായ കള്ളക്കളിയാണ്. യുവതികൾ എപ്പോഴും സ്ത്രീകളടക്കമുള്ള ഏജൻസിയുടെ ആൾക്കാരോട് തർക്കിച്ചും ശണ്ഠകൂടിയും ബഹളം വച്ചുകൊണ്ടുമിരുന്നു. കേട്ടാലറയ്ക്കുന്ന തെറികളാണ് ഇവർ ഉപയോഗിക്കുന്നത്. 

എന്നാൽ, ഈ യുവതി കുറച്ച് ദിവസം ആരോടും ഒന്നും മിണ്ടാതെയിരുന്ന് കൂട്ടത്തിലെ ശ്രീലങ്കൻ യുവതിയുടെ മൊബൈലിൽ നിന്ന് നാട്ടിലേയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതാണ് രക്ഷയ്ക്ക് വഴിയൊരുക്കിയത്. വീട്ടുകാർ ബംഗ്ലൂരിലെ ഒരു പരിചയക്കാരനെ വിവരമറിയിക്കുകയും അദ്ദേഹം വഴി സംഭവം അഡ്വ.ഫരീദിലേയ്ക്കെത്തുകയുമായിരുന്നു. വീട്ടുകാരെ ക്കൊണ്ട് അടൂർ പൊലീസിൽ പരാതി നൽകിപ്പിച്ച ശേഷം അതിന്റെ പകർപ്പും മറ്റുമായി അഡ്വ.ഫരീദ് ഉമ്മുൽഖുവൈൻ മദീന പൊലീസിൽ ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തു. ഇത് പിന്നീട് റാസൽഖൈമ പൊലീസിലേയ്ക്ക് കൈമാറിയ ശേഷം പൊലീസും അഡ്വ.ഫരീദ്, ഗ്ലോബൽ പ്രവാസി യൂണിയൻ ഉമ്മുൽഖുവൈൻ പ്രസിഡന്റ് പി. വിദ്യാധരൻ, വൈസ് പ്രസിഡന്റ്  പൂച്ചിങ്ങൽ  എന്നിവരും ചേർന്ന് വില്ലയിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.