റിയാദ്: കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കൽ (57) ആണ് കീടനാശിനി കുടിച്ച് നസീം അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം അതിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു.
മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കാലായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു. എന്നാൽ പോകാൻ അബു തയ്യാറായില്ല. തുടർന്ന് കീടനാശിനി കൊണ്ടുവന്ന് സഹോദരന്മാരുടെ മുന്നിൽ വെച്ച് അൽപം കുടിക്കുകയായിരുന്നു. 27 ദിവസം വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
ഭാര്യ: നുസ്രത്ത് മോൾ. മക്കൾ: ഷഹ്മ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമീൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.