ഓണാഘോഷം ഗംഭീരമാക്കാൻ പ്രവാസി മലയാളി സംഘടനകൾ; 27ന് ആരംഭിക്കുന്ന ആഘോഷ പരമ്പര ഒക്ടോബർ അവസാനം വരെ തുടരും

0
827

അബുദാബി: അംഗീകൃത സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്മകൾവരെ ഓണാഘോഷം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ്. 27ന് ആരംഭിക്കുന്ന ആഘോഷ പരമ്പര ഒക്ടോബർ അവസാനം വരെ തുടരും. ഓഡിറ്റോറിയത്തിന്റെ ലഭ്യതക്കുറവും വാരാന്ത്യങ്ങളും കണക്കിലെടുത്ത് ഗൾഫിലെ ആഘോഷം മാസങ്ങളോളം നീളാറുണ്ട്.

ഈ മാസം 26ന് യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന ‘ഓണപ്പൂവിളി 2023’  യുഎഇയിലെ ഓണാഘോഷത്തിന് തുടക്കമിടും. തിരുവാതിര, സംഘനൃത്തം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.
അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ്‍ കൾചറൽ സെന്ററിന്റെ (ഐഎസ്‌സി) ഓണാഘോഷം സെപ്റ്റംബർ 3ന് ആരംഭിക്കും.

5000 പേർക്ക് ഓണസദ്യ വിളമ്പും. അന്നു രാവിലെയാണ് പൂക്കള മത്സരം. 5, 6, 7 തീയതികളിൽ വടംവലി, തീറ്റ മത്സരം, മലയാളി മങ്ക മത്സരം തുടങ്ങിയ ഓണക്കളികൾ. 16ന് രാത്രി 8ന് വിധു പ്രതാപിന്റെ നേതൃത്വത്തിലുള്ള ഗാനമേള. ഒക്ടോബർ 14ന് തിരുവാതിരക്കളി മത്സരത്തോടെ ഐഎസ്‌സിയുടെ ആഘോഷങ്ങൾക്കു സമാപനമാകും.

അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷം 23ന്  ഐഎസ്‌സി ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.പൂക്കളം, തിരുവാതിര മത്സരങ്ങളും വ്യത്യസ്ത ദിവസങ്ങളിലായി നടക്കും. 

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‌സി) ഓണാഘോഷം സെപ്റ്റംബർ 17നും ഓണസദ്യ ഒക്ടോബർ 8നും നടക്കും. ഓണക്കളി, പുലിക്കളി, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഗാനമേള തുടങ്ങി വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്ററിന്റെ (ഐസിഎഐ) ഓണാഘോഷം സെപ്റ്റംബർ 10ന് നടക്കും. മാവേലി എഴുന്നള്ളത്ത്, പുലിക്കളി, ചെണ്ടമേളം, തിരുവാതിര, ഗാനമേള, നൃത്തം, ചിത്രപ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

പൂക്കളങ്ങളുടെ മേളത്തിലേക്ക്..
‌ഗൾഫിലും നാട്ടോണത്തിന്റെ ഓർമകളുമായി പ്രവാസി മലയാളികളും ഇന്നലെ അത്തപ്പൂക്കളമൊരുക്കി. പൂവേ പൊലി പാടി തൊടിയിൽനിന്ന് പൂക്കളിറുത്ത്  ചാണകം മെഴുകിയ മുറ്റത്ത് പൂക്കളം ഇടുന്നതിന്റെ സ്മരണകൾ മനസ്സിൽ നിറച്ചായിരുന്നു പൂക്കളം ഒരുക്കിയത്. 

പുലർച്ചെ  പുതുവസ്ത്രമണിഞ്ഞ് കുട്ടികൾ പൂക്കളമൊരുക്കാൻ തുടങ്ങി.  യുഎഇയിൽ കൊടും ചൂടായതിനാൽ ഫ്ലാറ്റിനകത്താണ് പൂക്കളം ഒരുക്കിയത്. യുഎഇയിലെ അംഗീകൃത സംഘടനാ ആസ്ഥാനങ്ങളിലും മലയാളികളുടെ നേതൃത്വത്തിലുള്ള ചില സ്ഥാപനങ്ങളിലും പൂക്കളം ഒരുക്കിയത് വിദേശികൾക്കും വിസ്മയക്കാഴ്ചയായി. വേനലിൽ  പൂക്കൾ ലഭ്യമല്ലാത്തത് ചെലവ് കൂട്ടി. 

5 ദിർഹം (113 രൂപ) വീതം വിലയുള്ള 3 റോസാ പൂക്കൾ 339 രൂപയ്ക്കു (15 ദിർഹം) വാങ്ങിയാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയും അബുദാബി മോഡൽ സ്കൂൾ പത്താം വിദ്യാർഥിനിയുമായ അനാമിക സജീവ് അത്തപ്പൂക്കളമൊരുക്കിയത്.  ചെലവേറെയാണെങ്കിലും പൈതൃകം കാത്തുസൂക്ഷിക്കാൻ 10 ദിവസവും അത്തപ്പൂക്കളമിടാനുള്ള തയാറെടുപ്പിലാണ് അനാമിക. 

ഇന്നലെ മുതൽ അബുദാബി മലയാളി സമാജത്തിൽ പൂക്കള മത്സരം അരങ്ങേറുന്നു. വനിതാവേദി, ബാലവേദി, കല, സാഹിത്യം, കായികം തുടങ്ങി സമാജത്തിനു കീഴിലെ വിവിധ സമിതികളാണ് ഓരോ ദിവസവും പൂക്കളം ഒരുക്കുന്നത്. മികച്ച പൂക്കളം ഒരുക്കുന്നവർക്ക് സമ്മാനവുമുണ്ട്.

ഇക്വിറ്റി പ്ലസ് നേതൃത്വം നൽകുന്ന ഓണമാമാങ്കം  സെപ്റ്റംബർ 2ന് ഷാർജ സഫാരി മാളിലും 3ന് ഷാർജ എക്സ്പോ സെന്ററിലും അരങ്ങേറും. തിരുവാതിര, മലയാളി മങ്ക, മിസ്റ്റർ മലയാളി, പ്രഛന്നവേഷം, പെയിന്റിങ്, പായസ, വടംവലി മത്സരങ്ങളുമുണ്ട്. കൂടാതെ ഗാനമേള, വയലിൻ ഫ്യൂഷൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.