സഊദിയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു

0
1825

റിയാദ്: സഊദിയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പിനുള്ള തീയതി ഫെഡറേഷൻ അധികൃതർ വെളിപ്പെടുത്തി. ഡിസംബർ 12 മുതൽ 22 വരെയാണ് മത്സരം.

സെപ്തംബർ ഏഴിന് ഇതിനായുള്ള നറുക്കെടുപ്പ് നടക്കും. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജിദ്ദയിലാണ് നറുക്കെടുപ്പെന്ന് ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻ (ഫിഫ) അറിയിച്ചു.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് ടീമുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ 20ാമത് എഡിഷൻ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂർണമെൻറ് ആയിരിക്കും. 32 ടീമുകൾ പങ്കെടുക്കുന്ന പുതിയ സംവിധാനത്തോടെ 2025 പതിപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

റോഷൻ ലീഗ് ചാമ്പ്യന്മാരായ സൗദിയിലെ അൽ ഇത്തിഹാദ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ഈജിപ്തിൽ നിന്നുള്ള അൽ അഹ്‌ലി, യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ ഉറേവ റെഡ് ഡയമണ്ട്സ്, കോൺകാകാഫ് മെക്സിക്കൻ ചാമ്പ്യൻ ക്ലബ് ലിയോൺ, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സൗദിയിൽ മാറ്റുരക്കും. കോപ്പ ലിബർട്ടഡോർസ് വിജയിയെ നവംബർ നാലിന് മാത്രമേ നിർണയിക്കൂ എന്നതിനാൽ തെക്കേ അമേരിക്കൻ ചാമ്പ്യന്മാരായ ക്ലബ്ബ് കൂടി മത്സരത്തിൽ പങ്കെടുക്കും.