സഊദിയിലേക്ക് ഫുട്ബോൾ താരങ്ങളുടെ ഒഴുക്ക് തുടരുന്നു; ലിവർപൂൾ താരം മുഹമ്മദ് സ്വലാഹ് സഊദി  ക്ലബ് അല്‍ ഇത്തിഹാദിലേക്ക്

0
2051

ജിദ്ദ: ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളിന്റെ കളിക്കാരനായ ഈജിപ്ഷ്യൻ താരം മുഹമ്മദ് സ്വലാഹും സഊദി ക്ലബ്ബിലേക്ക്. പുതിയ സീസണിൽ അൽഇത്തിഹാദ് ക്ലബ്ബിൽ ചേരാൻ മുഹമ്മദ് സ്വലാഹ് സമ്മതിച്ചതായി സ്പോർട്സ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ വേനൽക്കാല ട്രാൻസ്ഫർ കാലയളവിൽ ലിവർപൂൾ അധികൃതരുമായി ചർച്ച നടത്താൻ അൽഇത്തിഹാദ് ക്ലബ്ബ് മാനേജ്‌മെന്റിന് മുഹമ്മദ് സ്വലാഹ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

രണ്ടു വർഷത്തേക്ക് മുഹമ്മദ് സ്വലാഹിന് 18 കോടി യൂറോയും ലിവർപൂളിന് 5.2 കോടി യൂറോയും വാഗ്ദാനം ചെയ്യുന്ന ഓഫർ മുന്നോട്ടുവെക്കാൻ അൽഇത്തിഹാദ് ഒരുക്കമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലിവർപൂളുമായുള്ള കരാർ പുതുക്കിയതിനാൽ മുഹമ്മദ് സ്വലാഹ് ലിവർപൂൾ വിടാൻ സാധ്യതയില്ലെന്ന് മുഹമ്മദ് സ്വലാഹിന്റെ മാനേജർ നേരത്തെ പറഞ്ഞിരുന്നു. 31 കാരനായ മുഹമ്മദ് സ്വലാഹ് 2025 ജൂൺ വരെ ലിവർപൂളുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്. 2017 ജൂലൈയിലാണ് റോമ ക്ലബ്ബിൽ നിന്ന് മുഹമ്മദ് സ്വലാഹ് ലിവർപൂളിലേക്ക് മാറിയത്. 2011 മുതൽ മുഹമ്മദ് സ്വലാഹ് ഈജിപ്ഷ്യൻ ടീമിനു വേണ്ടിയും കളിക്കുന്നു. 

ലിവർപൂൾ താരം മുഹമ്മദ് സ്വലാഹ് സഊദി ക്ലബ് അല്‍ ഇത്തിഹാദിലേക്ക് എത്തുന്നതോടെ സഊദിയിലെ മുൻനിര ക്ലബ്ബുകൾ ആഗോള ശ്രദ്ധ നേടുകയാണ്. ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാർ ഒപ്പുവെച്ച് അന്നസ്ർ ക്ലബ്ബാണ് ലോക താരങ്ങളുടെ സഊദിയിലേക്കുള്ള ഒഴുക്കിന് തുടക്കമിട്ടത്. വൈകാതെ കരീം ബെൻസിമയും നെയ്മറും സഊദി ക്ലബ്ബുകളുമായി കരാറുകൾ ഒപ്പുവെച്ചതിനോടുവിലായി ലിവർപൂൾ താരം മുഹമ്മദ് സ്വലാഹും എത്തുകയാണ്.