രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം; ആഹ്വാനവുമായി സഊദി മതകാര്യ മന്ത്രി

0
1635

റിയാദ്: രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ ഇടപെടൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്. സഊദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രസ്താവന.

വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചില ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായുള്ള വിമർശനം കൂടിയായാണ് പ്രസ്താവന. പരസ്പര സഹവർതിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.

ആഗോള ഇസ്‌ലാമിക് സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരുമായും വിശിഷ്ട വ്യക്തികളുമായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പ്രത്യേകം കൂടിക്കാഴ്ച നടത്തി. ലെബനോൻ മുഫ്തി അബ്ദുല്ലത്തീഫ് ദരിയാൻ, ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ, തുർക്കി മതകാര്യ വിഭാഗം മേധാവി ശൈഖ് അലി അബ്ദുറഹ്‌മാൻ അർബാശ്, ജംഇയ്യത്ത് ഉലാമായെ ഹിന്ദ് പ്രസിഡന്റും ദാറുൽ ഉലൂം ദയൂബന്ദ് പ്രിൻസിപ്പാളുമായ മൗലാനാ അർശദ് മദനി, ഫെഡറേഷൻ ഓഫ് മോസ്‌ക് ഓഫ് ഫ്രാൻസ് പ്രസിഡന്റും ഫ്രഞ്ച് കൗൺസിൽ ഫോർ ഇസ ലാമിക് റിലീജ്യൻ പ്രസിഡന്റുമായ മുഹമ്മദ് മൂസാവി, പാക്കിസ്ഥാൻ ഹിലാൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽഖബീർ ആസാദ്, ലാറ്റിനമേരിക്കയിലെ ഇസ്‌ലാമിക് ദഅ്‌വാ സെന്റർ പ്രസിഡന്റ് ഡോ. അഹ്‌മദ് അൽസൈഫി എന്നിവർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ ലോകത്ത് ഇസ്‌ലാമിക പ്രവർത്തനവും മുസ്‌ലിം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശകലനം ചെയ്തു.